നോട്ടുനിരോധനത്തെക്കുറിച്ച് വ്യവസായ ഭീമന്മാരായ അംബാനിയ്ക്കും അദാനിയ്ക്കും നേരത്തെ അറിയാമായിരുന്നു! അതുകൊണ്ട് മുന്നൊരുക്കങ്ങള്‍ നടത്താന്‍ അവര്‍ക്കുമാത്രം സാധിച്ചു; ബിജെപി എംഎല്‍എ ഭവാനി സിംഗിന്റെ വെളിപ്പെടുത്തല്‍

500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനം വ്യവസായ ഭീമന്‍മാരായ അംബാനിയെയും അദാനിയെയും നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ ഭവാനി സിംഗ് രജാവതിന്റെ വെളിപ്പെടുത്തല്‍. അതുകൊണ്ട് മുന്നൊരുക്കങ്ങള്‍ നടത്താന്‍ അവര്‍ക്ക് സാധിച്ചുവെന്നും ഭവാനി സിംഗ് പറഞ്ഞു. എംഎല്‍എ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുതിയ കറന്‍സി മൂന്നാംകിടയാണെന്നും ഇതില്‍ തട്ടിപ്പുണ്ടെന്നും എംഎല്‍എ വീഡിയോയില്‍ പറയുന്നു. ആവശ്യത്തിന് നോട്ടടിക്കാതെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനമെന്നും നട്ടപാതിരയ്ക്ക് പെട്രോള്‍ വിലകൂട്ടുന്നതും കുറയ്ക്കുന്നതും പോലെയാണ് സര്‍ക്കാരിന്റെ നടപടിയെന്നും എംഎല്‍എ പറയുകയുണ്ടായി.

നോട്ടുകള്‍ പിന്‍വലിക്കുന്ന തീരുമാനം ബിജെപി തങ്ങളുടെ സുഹൃത്തുക്കളെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞിരുന്നു. ബിജെപി പ്രവര്‍ത്തകരും അവരുടെ സുഹൃത്തുക്കളും ഈ വിവരം മുന്‍കൂട്ടി അറിഞ്ഞതിന് തെളിവുണ്ടെന്നും കേജരിവാള്‍ പറഞ്ഞിരുന്നു. പഞ്ചാബിലെ ബിജെപിയുടെ നിയമകാര്യ ഡിപ്പാര്‍ട്ട്മെന്റില്‍ കോ കണ്‍വീനറായിരുന്ന സഞ്ജീവ് കാംബോജിന്റെ ട്വീറ്റുകളാണ് കേജരിവാള്‍ തെളിവായി ഉയര്‍ത്തിക്കാട്ടിയിരുന്നു. നവംബര്‍ എട്ടിനാണ് പഴയ 500രൂപ, 1000 രൂപ നോട്ടുകള്‍ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. എന്നാല്‍ നവംബര്‍ ആറിന് കാംബോജി തന്റെ ട്വിറ്റര്‍ പേജിലൂടെ പുതിയ 2000 രൂപയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടെന്നും കേജരിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം ബിജെപിക്കാര്‍ നേരത്തെ അറിഞ്ഞിരുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആരോപിച്ചിരുന്നു.

 

Related posts