കോട്ടയം: ഭാരത് ആശുപത്രിയിലെ നഴ്സുമാർ നടത്തിയ സമരം ഒത്തുതീർന്ന സാഹചര്യത്തിൽ യുഎൻഎ യോഗം ചേർന്നു തുടർനടപടികൾ ആലോചിക്കും. കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് ഭാരത് ആശുപത്രിയിലെ ഒരു വിഭാഗം നഴ്സുമാർ 116 ദിവസമായി സമരം നടത്തുകയായിരുന്നു. ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ ആശുപത്രി മാനേജ്മെന്റും നഴ്സുമാരുടെ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീരാൻ ധാരണയായത്.
ഇന്നു തിരുനക്കരയിലെ സമര പന്തലിൽ ചേരുന്ന യോഗത്തോടെയേ ഒൗദ്യോഗികമായി സമരം അവസാനിച്ചതായി പ്രഖ്യാപിക്കുകയുള്ളൂ. മുന്പ് പല തവണ ആശുപത്രി മാനേജ്മെന്റും നഴ്സുമാരും തമ്മിൽ ചർച്ച നടത്തിയിരുന്നെങ്കിലും സമരം ഒത്തു തീർപ്പാക്കുന്നതിൽ ധാരണയായിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ വീണ്ടും ചർച്ച നടത്തിയത്.
സമരം നടത്തുന്ന നഴ്സുമാർക്കു മൂന്നു മാസത്തെ ശന്പളം അനുവദിക്കാനും ഡിസംബർ 31 വരെ ജോലിയിൽ തുടരാനുമാണു ധാരണയായിരിക്കുന്നത്. ഇതിനുശേഷം നഴ്സമാർക്കു ജോലിയിൽ തുടരുന്നതിനുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനു വേണ്ടിയാണു യുഎൻഎ യോഗം ചേരുന്നത്. ആശുപത്രി മാനേജ്മെന്റുമായി ചർച്ച നടത്തി സമരം ചെയ്ത നഴ്സുമാർക്കു ഡിസംബർ 31നു ശേഷവും ജോലിയിൽ തുടരുന്നതിനുള്ള അവസരമുണ്ടാക്കുമെന്നു യുഎൻഎ ഭാരവാഹികൾ പറഞ്ഞു.
ചർച്ചകളിൽ ആശുപത്രി മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ഡോ. വിനോദ് വിശ്വനാഥൻ, സ്മിത വിശ്വനാഥൻ, ഡോ. സുനിൽ, ബി. ഗോപകുമാർ എന്നിവർ പങ്കെടുത്തു. സമരം ചെയ്യുന്ന നഴ്സുമാരുടെ സംഘടനയായ യുഎൻഎയെ പ്രതിനിധീകരിച്ച് ജാസ്മിൻഷാ, അശ്വതി ചന്ദ്രൻ, ബിൻസി, ശ്രുതി എസ്. നായർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.