ഹരിപ്പാട്: കേരളത്തിൽ നടക്കുന്നത് ഭരണമല്ല, സിപിഐ – സിപിഎം പോര് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരേ രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന് ഹരിപ്പാട് നൽകിയ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സർക്കാർ സന്പന്ന·ാരോടും സാന്പത്തിക കുറ്റവാളികളോടുമൊപ്പമാണ്.
സാധുക്കളുടെ കണ്ണുനീർ കാണുന്നില്ല. നാട്ടിൽ വികസനമില്ല. വികസനത്തിന് സർക്കാർ ഹോളിഡേ പ്രഖ്യാപിച്ചിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടുകയാണ്. വിലക്കയറ്റം പരിഹരിക്കാൻ സർക്കാരിന് താല്പര്യമില്ല. കേന്ദ്ര സർക്കാർ വർഗീയമായി മാത്രമാണ് ചിന്തിക്കുന്നത്. വിലക്കയറ്റവും, തൊഴിലില്ലാഴ്മയും കാരണം ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. മോഡി ഗവണ്മെന്റും പിണറായി സർക്കാരും ജനങ്ങളെ അനുദിനം ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം ഇന്ത്യയെ മോശപ്പെട്ട അവസ്ഥയിലേക്ക് എത്തിച്ചെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത പഞ്ചാബ് പ്രദേശ് കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ് സുനിൽ ഝാക്കർ എം.പി പറഞ്ഞു. മോഡിയുടെ പതനം വിദൂരമല്ല. പഞ്ചാബിൽ അതിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഗുജറാത്തിൽ കോണ്ഗ്രസ് മികച്ച നേട്ടം കൊയ്യും. അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് ഇന്ത്യയിൽ എല്ലായിടത്തും നടക്കുന്നത്.
മണിപ്പൂരിലും, ഗോവയിലും ഏറ്റവും കൂടുതൽ സീറ്റ് നേടിയ പാർട്ടി കോണ്ഗ്രസാണ്. പക്ഷെ ഇവിടങ്ങളിൽ ജനാധിപത്യം അട്ടിമറിച്ചാണ് ബി.ജെ.പി അധികാരം പിടിച്ചെടുത്തത്. രണ്ട് കോടി യുവജനങ്ങൾക്ക് വർഷംതോറും തൊഴിൽ നൽകുമെന്ന് പ്രഖ്യാപിച്ച നരേന്ദ്രമോഡിയ്ക്ക് ഒരാൾക്ക്പോലും തൊഴിൽ നൽകുവാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ അനിൽ.ബി.കളത്തിതിൽ അദ്ധ്യക്ഷനായി. യോഗത്തിൽ വി.ഡി സതീശൻ, ബെന്നി ബഹന്നാൻ, ജോണി നെല്ലൂർ, സി.പി ജോണ്, ജി.ദേവരാജൻ, പി.സി വിഷ്ണുനാഥ്, എം.ലിജു, എം.മുരളി, അഡ്വ.ബി.ബാബുപ്രസാദ്, എസ്.രാജേന്ദ്രകുറുപ്പ്, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.