ഹരിപ്പാട്: പരുന്തിനെ പേടിച്ച് പുറത്തേക്കിറങ്ങാൻ പോലും കഴിയാതെ നാട്ടുകാർ. മുതുകുളം വെട്ടത്തുമുക്കിന് വടക്കുഭാഗത്താണ് നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയായി പരുന്ത് എത്തിയിരിക്കുന്നത്. ആഴ്ചകളായി വലിയ ശല്യമാണുണ്ടാക്കുന്നത്.
മനുഷ്യരോട് അക്രമസ്വഭാവം കാട്ടുന്ന പരുന്ത് കായംകുളം-കാർത്തികപ്പളളി റോഡിലൂടെ പോകുന്ന നിരവധിപേരെ ആക്രമിച്ചു. ചിലർക്ക് നിസാര പരിക്കുമേറ്റു. രാവിലെ ഏഴോടെ പ്രദേശത്തെത്തുന്ന പരുന്ത് സ്കൂൾ കുട്ടികളെയാണ് കൂടുതൽ ശല്യം ചെയ്യുന്നത്. പിന്നാലെയെത്തിയാണ് തലക്കും മുഖത്തും ആക്രമിക്കുന്നത്. അതിനാൽ കുടയുമായാണ് കുട്ടികൾ ഉൾപ്പെടെ ഇതുവഴി യാത്ര ചെയ്യുന്നത്.
ഒപ്പം പരുന്തിനെ തുരത്താനായി വടിയും ഇവർ കരുതുന്നുണ്ട്. അടിച്ചോടിച്ചാലും പിന്നാലെ വീണ്ടും വരുമെന്നാണ് നാട്ടുകാർ പറയുന്നത്. മീൻ കച്ചവടക്കാരെയും കൈയിൽ സാധനങ്ങളുമായി പോകുന്നവരെയും അക്രമിക്കും. പ്രദേശത്തെ താമസക്കാരും ഭയപ്പാടിലാണ്. വീടുകളിലെത്തി പരുന്ത് ആക്രമിക്കുന്നു. പൊന്നമ്മ, ജയപ്രകാശ്, അർജ്ജുൻ തുടങ്ങിയവരെ കഴിഞ്ഞദിവസം ആക്രമിച്ചു. പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെണ് പ്രദേശവാസികൾ പറഞ്ഞു.