നെല്ലായി: പാലിയേക്കര ടോൾപ്ലാസയുടെ നിശ്ചിത ദൂര പരിധിയിലുള്ളവർക്ക് നൽകുന്ന സൗജന്യയാത്രാപാസിന് കൂടുതൽ നിബന്ധനകൾ ഉൾപ്പെടുത്തിയതിനെതിരെ വ്യാപക പരാതി. നിസ്സാരകാരണങ്ങൾ പറഞ്ഞ് സൗജന്യയാത്രാപാസിനുള്ള അപേക്ഷ അധികൃതർ നിരസിക്കുകയാണെന്നും അർഹിക്കുന്നവർക്ക് പാസ് അനുവദിക്കാൻ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ട് പറപ്പൂക്കര പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ.എസ്. ജോണ്‍സനാണ് ജില്ലാ കലക്ടർക്കും ദേശിയപാത അധികൃതർക്കും പരാതി നൽകിയത്.
ടോൾ പ്ലാസക്ക് 10 കിലോ മീറ്റർ ചുറ്റളവിനുള്ളിൽ താമസിക്കുന്നവർക്കാണ് സൗജന്യ പാസ് ലഭിക്കുക. എന്നാൽ സൗജന്യയാത്രാപാസ് അനുവദിക്കണമെങ്കിൽ ഒരേ വിലാസത്തിലുള്ള മൂന്ന് താമസരേഖകൾ ഹാജരാക്കാനാണ് പറയുന്നത്. പുതുതായി വന്ന താമസക്കാർക്കും, വിദേശത്ത് നിന്ന് മടങ്ങിയെത്തിയവർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെ വന്ന് നാട്ടിൽ സ്ഥിരതാമസമാക്കിയവർക്കും ഒരേ വിലാസത്തിലുള്ള മൂന്ന് താമസരേഖകൾ ഇല്ലാത്തതാണ് പ്രതിസന്ധിയാകുന്നത്. ടോൾപ്ലാസ അധികൃതൽ ഒരേ വിലാസത്തിലുള്ള മൂന്ന് രേഖകൾ വേണമെന്നു പറഞ്ഞ്, ഇങ്ങനെ വരുന്ന അപേക്ഷകരെ മടക്കി അയക്കുകയാണ്.
സൈനിക സേവനം കഴിഞ്ഞ് തിരിച്ചെത്തിയവരെ പോലും ഇക്കാരണത്താൽ മടക്കി അയക്കുന്നുവെന്നും പരാതിയിൽ പറയുന്നു. സൗജന്യയാത്രാപാസ് അനുവദിക്കാതെ കരാർ അട്ടിമറിക്കുകയാണ് ടോൾപ്ലാസ അധികൃതരെന്നാണ് ആക്ഷേപം. മൂന്ന് തിരിച്ചറിയൽ രേഖകൾ വേണമെന്നുള്ള നിബന്ധന ഒഴിവാക്കി, പഞ്ചായത്ത് നഗരസഭ അധികൃതർ നല്കുന്ന റെസിഡെൻസ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സൗജന്യയാത്രാപാസ് അനുവദിക്കുന്നതിനുവേണ്ടതായ നടപടികൾ സ്വീകരിക്കണമെന്നും കെ.എസ്. ജോണ്സണ് പരാതിയിൽ ആവശ്യപ്പെട്ടു.