സ്വന്തം ലേഖകൻ
കോഴിക്കോട്: വ്യാജചികിത്സകർക്കും ലൈസൻസില്ലാതെ പ്രവർത്തിക്കുന്നസ്ഥാപനങ്ങൾക്കും ഇനി എട്ടിന്റെ പണി. ജില്ലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദമായ കണക്കെടുപ്പ് തുടങ്ങി. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് സർവേ നടത്തുന്നത്.അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ, പ്രകൃതി ചികിത്സ തുടങ്ങി കിടത്തി ചികിത്സ ഉള്ളതും അല്ലാത്തതും, രജിസ്ട്രേഷൻ ഉള്ളതുമായ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. നേരത്തെ ഇത്തരത്തിൽ ആളുകളെ പറ്റിച്ച് ചികിൽസ നടത്തുന്ന സ്ഥാപനങ്ങളെകുറിച്ച് വ്യകാപക പരാതി ഉയർന്നിരുന്നു. നാൾക്കുനാൾ മുളച്ചുപൊന്തുന്ന വ്യാജ ചികിത്സാ കേന്ദ്രങ്ങളുടെ പ്രചാരണത്തിൽ വിശ്വസിച്ച് തട്ടിപ്പിനിരയായവരും നിരവധിയാണ്.
ഹോമിയോപ്പതി മേഖലയിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലായി അരങ്ങേറുന്നത്.കേരള സർക്കാരിന്റെ സാന്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പിലെ ഉദ്യോഗസ്ഥരാണ് സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾ സന്ദർശിച്ച് സർവേയ്ക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നത്.
സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളുടെ എണ്ണം കണക്കാക്കുക. ഈ മേഖലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാരുടെ എണ്ണം കണക്കാക്കുക. ഒപി, ഐപി വിഭാഗങ്ങളിലെ സൗകര്യങ്ങളെ കുറിച്ചു വിലയിരുത്തുക.നൂതന ചികിൽസാ സന്പ്രദായങ്ങളെ കുറിച്ച് മനസ്സിലാക്കുക, മാലിന്യ നിർമാർജ്ജന മാർഗ്ഗങ്ങളെ കുറിച്ച് അറിയുക, സംസ്ഥാന വരുമാനത്തിൽ ഈ മേഖലയുടെ സംഭാവന കണക്കാക്കുക തുടങ്ങിയവയാണ് സർവേയുടെ ലക്ഷ്യങ്ങൾ.
സർവേയുടെ ഭാഗമായി വിവിധ മെഡിക്കൽ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻവെസ്റ്റിഗേറ്റർമാർക്ക് സത്യസന്ധമായ വിവരങ്ങൾ നൽകി സർവേയുമായി സഹകരിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശിച്ചു.വിവരശേഖരണം നടത്തുന്ന ജീവനക്കാർക്കായി പ്രത്യേകം പരിശീലനവും നൽകിയിരുന്നു.