വടകര: റോഡിൽ മാലിന്യം തള്ളിയ ആൾക്കു കിട്ടിയത് എട്ടിന്റെ പണി. നാട്ടുകാർ ആളെ കണ്ടുപിടിച്ച് മാലിന്യം തിരികെയെടുപ്പിച്ചു. വെള്ളികുളങ്ങര ക്രാഷ് റോഡിൽ അന്പലത്തിന് സമീപം വ്യാഴാഴ്ച രാവിലെ കണ്ടത് പരക്കെ ഭക്ഷണാവശിഷ്ടങ്ങൾ. ഇവ പരിശോധിച്ചപ്പോൾ പിന്നിലുള്ളവരെ കുറിച്ച് സൂചന കിട്ടി. ഓർക്കാട്ടേരി കേന്ദ്രീകരിച്ച ഒരു തൊഴിൽ സംഘടന വടകരയിൽ നടത്തിയ പരിപാടിയിൽ വിതരണംചെയ്ത ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളായിരുന്നു റോഡിൽ തള്ളിയത്.
നാട്ടുകാർ അവശിഷ്ടം ചികഞ്ഞ് പരിശോധിച്ചപ്പോൾ ലഭിച്ച ഫോണ് നന്പറിൽ ബന്ധപ്പെട്ടപ്പോഴാണ് ഏറാമലയിലെ കാറ്ററിങ് നടത്തിപ്പുകാരാണ് ഇത് നിക്ഷേപിച്ചതെന്ന് തിരിച്ചറിഞ്ഞത്. അയാളെ വീട്ടിലെത്തി പിടികൂടി സംഭവസ്ഥലത്ത് എത്തിച്ച് തിരികെ എടുപ്പിക്കുകയും റോഡ് കഴുകിവൃത്തിയാക്കിക്കുകയും ചെയ്തു. സംഭവം പോലീസ്, ആരോഗ്യവിഭാഗം തുടങ്ങിയവരെ അറിയിക്കുകയും ചെയ്തു.