പേടിച്ച് മാറിനടന്ന എന്നെ ആളെവിട്ട് വിളിപ്പിച്ചു! അഞ്ചു ലക്ഷം കൊണ്ട് സിനിമയെടുത്ത ബുദ്ധിരാക്ഷസനല്ലേയെന്നും വിമര്‍ശകരോട് പോവാന്‍ പറയാനും പറഞ്ഞു; മമ്മൂട്ടിയോടൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങള്‍ സന്തോഷ് പണ്ഡിറ്റ് വിവരിക്കുന്നു

സാധാരണ സിനിമാപ്രവര്‍ത്തകരില്‍ നിന്നും ഏറെ വ്യത്യസ്തനാണ് സന്തോഷ് പണ്ഡിറ്റ്. മമ്മൂട്ടി നായകനായെത്തുന്ന മാസ്റ്റര്‍പീസിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. നിമിഷനേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ വൈറലായിരുന്നു. മമ്മൂട്ടിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സന്തോഷ് പണ്ഡിറ്റ്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കവെ അദ്ദേഹം മമ്മൂട്ടിയുമൊത്തുള്ള തന്റെ അനുഭവങ്ങളെക്കുറിച്ച് വിവരിക്കുകയുണ്ടായി.

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റിലേക്ക് ഏറെ പേടിച്ചാണ് ചെന്നത്. ടെന്‍ഷനുണ്ടായിരുന്നു. മമ്മൂട്ടിയുടെ പെരുമാറ്റത്തെക്കുറിച്ചോര്‍ത്തായിരുന്നു താന്‍ ആശങ്കപ്പെട്ടതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. മമ്മൂട്ടി സെറ്റിലെത്തുന്നതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ തന്റെ കൈയ്യും കാലും വിറച്ചു തുടങ്ങിയിരുന്നു. മമ്മൂട്ടി സെറ്റിലെത്തിയതിന് ശേഷം താന്‍ ഒരു ഭാഗത്തേക്ക് മാറി നില്‍ക്കുകയാണ് ചെയ്തത്. സെറ്റിലെത്തിയ മമ്മൂട്ടി ആദ്യം തിരക്കിയത് തന്നെയായിരുന്നു. സന്തോഷ് ജോയിന്‍ ചെയ്തില്ലേയെന്ന് ചോദിക്കുകയും ആളെ വിട്ട് വിളിപ്പിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് എന്തിനാണ് ഇങ്ങനെ മാറി നില്‍ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചത്. മമ്മൂട്ടിയുടെ ചോദ്യത്തിന് പരിഭ്രമം കാരണം മറുപടി നല്‍കാന്‍ കഴിഞ്ഞില്ല.

തന്റെ ടെന്‍ഷന്‍ അദ്ദേഹത്തിന് മനസ്സിലായിരുന്നു. പേടി കൊണ്ടാണ് മാറി നിന്നതെന്ന് പറഞ്ഞപ്പോള്‍ പേടിക്കേണ്ട കാര്യമൊന്നും ഇല്ലല്ലോയെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. സത്യത്തില്‍ ഞാന്‍ സന്തോഷിന്റെ ഫാനാണെന്നും അഞ്ച് ലക്ഷം രൂപ മുടക്കി 35 ലക്ഷം നേടുന്ന ബുദ്ധിരാക്ഷസനല്ലേ താനെന്നുമായിരുന്നു അദ്ദേഹം ചോദിച്ചത്. ആദ്യമായിട്ടായിരുന്നു തനിക്ക് ഇത്തരത്തിലൊരു പ്രശംസ ലഭിച്ചതെന്ന് താന്‍ അദ്ദേഹത്തിനോട് പറഞ്ഞിരുന്നു. സിനിമയില്‍ എന്തിനാണ് ക്ലാപ് ബോര്‍ഡ് അടിക്കുന്നതെന്ന് പോലും അറിയാത്തവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നും അവരോട് പോയി പണി നോക്കാന്‍ പറയെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടിക്ക് ജാഡയാണെന്നായിരുന്നു താന്‍ കരുതിയിരുന്നത്. എന്നാല്‍ വലിയ താരം മാത്രമല്ല വളരെ വലിയ മനസ്സിനുടമയുമാണ് അദ്ദേഹമെന്ന് മനസ്സിലായതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

 

Related posts