നാഗ്പൂർ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. മുരളി വിജയ്, ചേതേശ്വർ പൂജാര എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് തുണയായത്. രണ്ടാം ദിനം കളിനിർത്തുന്പോൾ ഇന്ത്യ 312/2 എന്ന മികച്ച നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കേ 107 റണ്‍സിന്റെ ലീഡ് ഇന്ത്യ ഇതുവരെ നേടിക്കഴിഞ്ഞു.
വിജയ് 128 റണ്‍സും പൂജാര പുറത്താകാതെ 121 റണ്‍സും നേടി. 54 റണ്‍സോടെ നായകൻ വിരാട് കോഹ്ലിയാണ് ക്രീസിൽ. രണ്ടാം ദിനം മുരളി വിജയിയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.
11/1 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. വിജയ്-പൂജാര സഖ്യം അനായാസം സ്കോർ ചെയ്തപ്പോൾ ഇന്ത്യ ലീഡിലേക്ക് കുതിച്ചെത്തി. രണ്ടാം വിക്കറ്റിൽ ഇരുവരും 209 റണ്‍സ് കൂട്ടിച്ചേർത്തു. വിജയ് പുറത്തായ ശേഷമെത്തിയ ക്യാപ്റ്റൻ കോഹ്ലിയും അനായാസം സ്കോർ ചെയ്തു. 70 പന്തിൽ 54 റണ്‍സ് നേടിയ കോഹ്ലി ആറ് ബൗണ്ടറികൾ നേടി. കോഹ്ലി-പൂജാര സഖ്യം ഇതുവരെ 96 റണ്‍സ് കൂട്ടിച്ചേർത്തിട്ടുണ്ട്.