മറയൂർ: കാട്ടാന ഉൾപ്പെടെ വന്യ ജീവികളുടെ ആക്രമണത്തിൽ നിന്നും കർഷകർക്കും കാർഷിക വിളകൾക്കും സംരക്ഷണം ഒരുക്കുവാനായി വനാതിർത്തിയിൽ സ്ഥാപിച്ച സൗരോർജ വേലിയുടെ ഇൻവെർട്ടർ മോഷണം പോയി.
ചിന്നാർ വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന പ്രധാന കാർഷിക മേഖലയായ കാന്തല്ലൂർ ഗ്രാമ പഞ്ചായത്തിലെ പുതുവെട്ട് ഭാഗത്ത് സ്ഥാപിച്ച സൗരോർജ വേലിയിലേക്ക് വൈദ്യുതി പ്രസരണം നടത്തുന്നതിനായുള്ള പ്രധാന ഇലക്ട്രോണിക്ക് ഉപകരണമായ ഇൻവെർട്ടറാണ് കഴിഞ്ഞ ദിവസം മോഷ്ടാക്കൾ കടത്തികൊണ്ടു പോയത്.
വനം വകുപ്പ് വനാതിർത്തിയോട് ചേർന്ന് സൗരോർജ വേലിസ്ഥാപിച്ചപ്പോൾ ബാറ്ററിയും ഇൻവെട്ടറും സൂക്ഷിച്ചത് പുതുവെട്ട് ഭാഗത്ത് മഠത്തിൽ പറന്പിൽ വീട്ടിൽ മുനിയാണ്ടിയുടെ കൃഷിയിടത്തിലായിരുന്നു. പ്രത്യേകം ഇരുന്പ് ബോക്സ് നിർമ്മിച്ച് അതിനുള്ളിലാണ് ഉപകരണൾ സൂക്ഷിച്ചിരുന്നത്. ഈ ബോക്സിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ ഉപകരണങ്ങൾ കടത്തികൊണ്ടുപോയത്.
ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകൾ കാട്ടാന , കാട്ടുപോത്തുകൾ തുടങ്ങിയ വന്യജീവികൾ നിരന്തരമായി നശിപ്പിക്കുകയും ജനവാസ കേന്ദ്രങ്ങളിലെ നിരവധി പേർ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്യുന്നത് പതിവായിരുന്നു. പിന്നീട് കുണ്ടക്കാട് സ്വദേശിനിയായ ബേബി വീട്ടുമുറ്റത്ത് ജൂലൈ 17 നു കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോഴുണ്ടായ ജനരോഷത്തെ തുടർന്നാണ് വിവിധ ജനവാസ മേഖലകളോട് ചേർന്നുള്ള വനാതിർത്തികളിൽ വനം വകുപ്പ് സൗരോർജ വേലി സ്ഥാപിച്ചത്.
ഇൻവെർട്ടർ മോഷണം പോയതിനെ തുടർന്ന് വൈദ്യുതി പ്രസരണം നിലച്ചതിനാൽ രണ്ടു കിലോ മീറ്ററോളം ദൂരത്തിൽ സ്ഥാപിച്ചിട്ടുള്ള പോസ്റ്റുകളും പ്രസരണ കന്പികളും വന്യജീവികൾ ചവട്ടി നശിപ്പിക്കാൻ സാധ്യത ഏറെയാണ്.
ഇത്രയും ദൂരപരിധിയിലുള്ള കാർഷിക വിളകൾകും ഭീഷണിയാണ്.വലിയൊരളവ് വരെ ആശ്വാസമായിരുന്ന സോളാർ ഫെൻസിംഗിന്റെ ഇൻവെട്ടർ മോഷണം പോയി പ്രസരണം നിലച്ചതോടെ പ്രദേശവാസികൾ വീണ്ടും വന്യമൃഗ ഭീതിയിലായിരിക്കുകയാണ്.മോഷ്ടാവിനെ പിടികൂടിയാൽ തൊണ്ടിമുതലായി ഇൻവെട്ടർ കോടതിയിലേക്ക് പോകും പിന്നീട് നിയമ നടപടികൾക്ക് ശേഷമേ തിരികെ ലഭിക്കു.
വനം വകുപ്പിന് നടപടികൾ എല്ലാം പൂർത്തീകരിച്ച് പുതിയത് വാങ്ങി വയ്ക്കണമെങ്കിൽ കാലതാമസം ഉണ്ടാകും. ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത് പുതുവെട്ട് നിവാസികളും പ്രദേശത്തെ കർഷകരുമാണ്. മോഷണ വിവരംസംബന്ധിച്ച് വനം വകുപ്പ് അധികൃതർ പോലീസിൽ പരാതി നൽകി. മറയൂർ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.