കാഞ്ഞങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ പെണ്‍കുട്ടി ഏറെനേരം ദേശീയപാതയിൽ കിടന്നു. ഒടുവിൽ രക്ഷകരായി എത്തിയത് കരിന്തളത്തെ സഹോദരങ്ങൾ. ഇന്നലെ വൈകുന്നേരം 6.30നാണ് പുല്ലൂരിനും കേളോത്തിനുമിടയിൽ പെണ്‍കുട്ടി ഓടിച്ചിരുന്ന സ്കൂട്ടറിൽ നിന്നും തെറിച്ച് നടുറോഡിലേയ്ക്കു വീണത്.
റോഡിൽകിടന്ന പെണ്‍കുട്ടിയെ ഇതുവഴി വന്ന വാഹനയാത്രക്കാരൊന്നും ഗൗനിക്കാതെ വഴിമാറി പോവുകയായിരുന്നു. ഈ സമയം പെരിയയിൽ കട അടച്ചു കരിന്തളത്തേക്കു പോവുകയായിരുന്ന സഹോദരങ്ങളായ രാമകൃഷ്ണൻ, ചന്ദ്രകുമാരി എന്നിവർ പെണ്‍കുട്ടിയുടെ അവസ്ഥ കണ്ടു ഓട്ടോറിക്ഷയിൽ കയറ്റി മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആദ്യം അത്രയൊന്നും ഓർമയില്ലാതിരുന്ന പെണ്‍കുട്ടിയോടു ആശുപത്രി അധികൃതർ വിവരങ്ങൾ ആരാഞ്ഞെങ്കിലും ഒന്നും മിണ്ടിയില്ല. പിന്നീട് ബാഗിൽ നിന്നും ആധാർ കാർഡ് കണ്ടെത്തി വിലാസം മനസിലാക്കുകയും മാതാവുമായി ബന്ധപ്പെടുകയുമായിരുന്നു.
പൊയിനാച്ചിയിൽ താമസിക്കുന്ന ബേഡഡുക്ക തുന്പടുക്കയിലെ രാഘവയുടെ മകൾ ആർ.അനുഷയാണ് അപകടത്തിൽപെട്ടത്. മുഖത്തും കൈ കാലുകൾക്കും പരിക്കേറ്റ അനുഷയെ ആശുപത്രിയിൽ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്. ഈ സമയം അതുവഴി കടന്നുപോയ കെഎസ്ആർടിസി ഇടിച്ചതാണോയെന്ന സംശയമുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആശുപത്രിയിലെത്തിച്ചവർ വിവരം ബേക്കൽ പോലീസിലും അറിയിച്ചിരുന്നു.