ചാവക്കാട്: ഡോക്ടറുടെ അശ്രദ്ധമൂലം കൈപ്പത്തിക്കുള്ളിൽ ചില്ലുകഷണവുമായി യുവാവിനു കഴിയേണ്ടിവന്നതു പത്തരമാസം. മണത്തല ബേബിറോഡ് ആലിപ്പരി ശ്രീനിവാസന്റെ മകൻ സുരേന്ദ്ര(34)നാണു കഴിഞ്ഞ ജനുവരി മുതൽ കൈയിനുള്ളിലെ മാംസത്തിൽ ചില്ലുകഷണവുമായി കഴിഞ്ഞത്.
വീട്ടിലെ ജനൽ വലിച്ചടയ്ക്കുന്നതിനിടെയാണു ചില്ല് പൊട്ടി സുരേന്ദ്രന്റെ ഇടതു കൈപത്തിയുടെ വശം കുത്തിക്കീറിയത്. ചില്ലിന്റെ തുണ്ട ുകഷണങ്ങൾ മാംസത്തിൽ തുളച്ചുകയറിയിരുന്നു. അന്നുതന്നെ സുരേന്ദ്രൻ ചാവക്കാട് താലുക്ക് ആശുപത്രിയിൽ എത്തി. അവിടെ ആ സമയമുണ്ടായിരുന്ന വനിതാ ഡോക്ടർ ചില്ലുകഷണങ്ങൾ പുറത്തെടുത്തു മുറിവ് തുന്നിക്കെട്ടി മരുന്നുകൊടുത്തു വിട്ടയച്ചു. നാലു തുന്നലുകളാണ് ഇട്ടിരുന്നത്.
എന്നാൽ ഒരുമാസം മുന്പ് ഈ മുറിവ് പഴുക്കാൻ തുടങ്ങി ഓട്ടോ ഡ്രൈവറായ സുരേന്ദ്രന് ഓട്ടോ ഓടിക്കുന്പോഴും മുറിവിൽ തൊടുന്പോഴും തടിപ്പും വേദനയും അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം താലുക്കാശുപത്രിയിലെത്തി ഡോക്ടറുടെ നിർദേശപ്രകാരം എക്സ് റേ എടുത്തപ്പോൾ ചില്ലുകഷണം കൈയിനുള്ളിൽ ഇരിക്കുന്നതു കണ്ട ു. താലൂക്കാശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഉയർന്ന പ്രമേഹനിരക്കു കണ്ടതിനാൽ മരുന്നുകൾ കഴിച്ചശേഷം ചില്ല് എടുത്താൽ മതിയെന്നു ഡോക്ടർ പറഞ്ഞു.
സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ പ്രമേഹത്തിന്റെ അളവ് സാധാരണനിലയിലായിരുന്നു. ഈ റിപ്പോർട്ട് കാണിച്ചിട്ടും ചില്ല് കഷണം പുറത്തെടുക്കാൻ ഡോക്ടർ തയാറായില്ല. ദിവസങ്ങൾ കഴിഞ്ഞതോടെ ചില്ലു കഷണം പഴുപ്പിനുള്ളിലൂടെ പുറത്തേക്കു നിന്നു. ഇതോടെ സുരേന്ദ്രൻതന്നെ സ്വന്തമായി വേദനസഹിച്ച് ചില്ലു പുറത്തെടുക്കുകയായിരുന്നു. താലുക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിനെതിരെ പരാതിനൽകുമെന്ന് സുരേന്ദ്രൻ പറഞ്ഞു.