ദാനധർമിയാകാൻ സന്പത്ത് ഏറെ വേണമെന്നില്ല, ഹൃദയവിശാലത ഉണ്ടായാൽ മതി. അർഥസന്പുഷ്ടമായ ഈ ചൊല്ല് അക്ഷരംപ്രതി യാഥാർഥ്യമാക്കിയിരിക്കുകയാണ് ജോണി എന്ന ഫിലാഡൽഫിയ സ്വദേശി. വഴിവക്കിൽ ഭിക്ഷയാചിച്ച് ഉപജീവനം നടത്തിയിരുന്ന ഈ യുവാവിന്റെ സന്മസിന്റെ മഹത്വം പുറംലോകമറിഞ്ഞത് മക്ലർ എന്ന ന്യൂജഴ്സി സ്വദേശിനിയിലൂടെയാണ്. ഇന്ധനം തീർന്നുപോയതിനെത്തുടർന്ന് പെരുവഴിയിൽ പെട്ടുപോയ തനിക്ക് കൈയിൽ ആകെയുണ്ടായിരുന്ന 20 ഡോളർ തന്ന് സഹായിച്ച ജോണിയെക്കുറിച്ച് മക്ലർ ഫേസ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു.
അന്നത്തെ സംഭവത്തിനുശേഷം മക്ലർ ജോണിയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചതോടെയാണ് അദ്ദേഹത്തിന് സ്വന്തമായി ഒരു വീടുപോലും ഇല്ലെന്ന് തിരിച്ചറിയുന്നത്. അങ്ങനെ ജോണിക്ക് ഒരു വീടുവച്ച് നല്കണമെന്ന ഉദ്ദേശ്യത്തോടെ മക്ലർ ഫേസ്ബുക്കിൽ കാന്പയിനും തുടങ്ങി. ഒടുവിൽ ലക്ഷ്യം പൂർത്തിയായി. ഫേസ്ബുക്ക് കാന്പയിനിലൂടെ ഒരു കോടി രൂപ സമാഹരിക്കുകയും ചെയ്തു. ഇത്രയും പണം കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജോണിയുടെ സന്മനസിനു മുന്നിൽ ഈ തുക ഒന്നുമല്ലെന്നും മക്ലർ പറഞ്ഞു.