കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് ഇന്നു ദുബായിലേക്കു പറക്കും. ദിലീപിന്റെയും സുഹൃത്ത് നാദിർഷയുടെയും ഉടമസ്ഥയിലുള്ള ദേ പുട്ട് എന്ന ഹോട്ടലിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ ദിലീപിനു ദുബായിയിലേക്ക് പോകാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു.
ഇന്നു രാത്രിയിൽ നെടുന്പാശേരി വിമാനത്താവളത്തിൽനിന്നാണു യാത്ര തിരിക്കുക. വിദേശ യാത്രയ്ക്കു പാസ്പോർട്ട് ആറു ദിവസത്തേക്കാണു വിട്ടു നൽകിയിരിക്കുന്നത്. ഇന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി നടൻ പാസ്പോർട്ട് കൈപ്പറ്റും. നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം അനുവദിച്ചപ്പോൾ ജാമ്യവ്യവസ്ഥ പ്രകാരം ദിലീപ് തന്റെ പാസ്പോർട്ട് അങ്കമാലി കോടതിയിൽ സമർപ്പിച്ചിരുന്നു. നവംബർ 29ന് ദുബായിലെ കാരാമയിൽ തന്റെ ഹോട്ടലിന്റെ ഉദ്ഘാടനമാണെന്നും ഇതിൽ പങ്കെടുക്കാൻ വിദേശത്തേക്ക് പോകുന്നതിനു പാസ്പോർട്ട് വിട്ടുകിട്ടണമെന്നും വ്യക്തമാക്കി ദിലീപ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി വന്നത്. നാലു ദിവസം ദുബായിയിൽ തങ്ങുന്നതിനും യാത്രയ്ക്കുമായി ആറു ദിവസത്തേക്ക് വിട്ടു നൽകാനാണ് ഉത്തരവ്.
ദുബായിയിൽ തന്റെ താമസ സ്ഥലം, ഫോണ് നന്പർ തുടങ്ങിയ വിവരങ്ങൾ വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥനു സ്റ്റേറ്റ്മെന്റ് നൽകണമെന്നും വിധിയിൽ പറഞ്ഞിരുന്നു.താരത്തിന്റെ വിദേശ യാത്രയെ അന്വേഷണ സംഘം സംശയത്തോടെയാണു കാണുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ തെളിവായ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങൾ അടങ്ങിയ ഫോണ് കണ്ടെത്താൻ പോലീസിനു സാധിച്ചിരുന്നില്ല. ഇതു വിദേശത്തേക്കു ദിലീപ് കടത്തിയെന്നാണു പോലീസ് കരുതുന്നത്. ഇതോടെ ദിലീപ് ജാമ്യത്തിലിറങ്ങി നടത്തുന്ന വിദേശ യാത്രയെ സംശയത്തോടെയാണ് അന്വേഷണ സംഘം കരുതുന്നത്.