ഋഷി
തൃശൂർ: സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മൊബൈൽ ഫോണിലേക്ക് വാട്സാപ് മെസേജുകൾ പ്രവഹിക്കുകയാണ്. 26 വർഷം മുന്പ് മലയാളത്തിന് സത്യൻഅന്തിക്കാടും ശ്രീനിവാസനും ചേർന്ന് സമ്മാനിച്ച സന്ദേശം എന്ന സിനിമയിലെ ഒരു രംഗത്തിന്റെ യഥാർത്ഥാവിഷ്കാരം സത്യൻ അന്തിക്കാടിന്റെ നാടായ തൃശൂരിൽ സംഭവിച്ചതിനെക്കുറിച്ചുള്ള മെസേജുകളാണ് വാട്സാപ്പിൽ വന്നുവീഴുന്നത്. തിരുവനന്തപുരത്തെ ഹോട്ടൽമുറിയിലിരുന്ന് സത്യൻ അന്തിക്കാട് ഒപ്പമുണ്ടായിരുന്ന ശ്രീനിവാസന് ഇതെല്ലാം കാണിച്ചുകൊടുത്തപ്പോൾ ശ്രീനിവാസൻ ചിരിച്ചു. ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചുവെച്ച ചിരിയായിരുന്നു അത്. തൃശൂർ കൈപ്പമംഗലത്ത് രാഷ്ടീയസംഘർഷത്തിനിടെ മരിച്ചയാളുടെ മൃതദേഹത്തിന് അവകാശത്തർക്കവുമായി രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തിയതിനെക്കുറിച്ച് സത്യൻ അന്തിക്കാട് ഇങ്ങനെ പ്രതികരിച്ചു –
ഇരുപത്തിയാറ് വർഷത്തിനിപ്പുറം സന്ദേശം സിനിമയിലെ പ്രധാനപ്പെട്ട സീൻ അതേപടി യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചെന്നറിയുന്പോൾ എന്റെയും ശ്രീനിയുടേയും ചിന്തകളും സങ്കൽപ്പങ്ങളും ധാരണകളും വെറുതെയായില്ല എന്ന് മനസിലാകുന്നു. തിരുവനന്തപുരത്ത് നെടുമുടി വേണുവിന്റെ അഭിനയജീവിതത്തിന്റെ നാൽപ്പതാം വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് ഞാനും ശ്രീനിയും. തൃശൂരിൽ നടന്ന സംഭവത്തെക്കുറിച്ച് വാട്സ് ആപ് മെസേജുകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുകയാണ്.
എന്തൊരു കഷ്ടമാണ് നമ്മുടെ നാടിന്റെ അവസ്ഥയെന്ന് പറയാതെ വയ്യ. സന്ദേശത്തിൽ ആ രംഗം ഉൾപ്പെടുത്തുന്പോൾ നമ്മുടെ നാട്ടിൽ ഇങ്ങിനെയൊക്കെ സംഭവിച്ചേക്കാം എന്ന കാഴ്ചപ്പാടായിരുന്നു ഞങ്ങൾക്ക്. സന്ദേശത്തിലെ പല സീനുകളും ഇപ്പോഴും യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. രാഷ്ട്രീയപാർട്ടികളുടെ യാത്രകൾ കേരളത്തിൽ തുടർന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ രക്തസാക്ഷിയുടെ അവകാശവാദത്തിന്റെ രംഗവും സംഭവിച്ചിരിക്കുന്നു. സന്ദേശം എന്ന സിനിമയ്ക്കൊരു രണ്ടാംഭാഗമുണ്ടാകുമോ എന്ന് ഇപ്പോൾ എല്ലാവരും ചോദിക്കുന്നുണ്ട്. സന്ദേശം എന്ന സിനിമ അവിടെ അവസാനിച്ചു. അതിനൊരു രണ്ടാംഭാഗം ഉണ്ടാവില്ല. എന്നാൽ സന്ദേശം മുന്നോട്ടുവെച്ച പല കാര്യങ്ങളും ഇപ്പോഴും ഇവിടെ തുടരുകയാണ്. പലതും സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു പൊളിറ്റിക്കൽ സറ്റയർ സിനിമയ്ക്ക് ഇപ്പോഴും സാഹചര്യമുണ്ട്. ഞാനും ശ്രീനിവാസനും അതെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.