കൊച്ചി: മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പിടികിട്ടാപ്പുള്ളി 14 വർഷത്തിനുശേഷം പോലീസ് പിടിയിൽ. പള്ളുരുത്തി കടേഭാഗം മുണ്ടക്കൽ വീട്ടിൽ റസൂലി (42) നെയാണ് എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയത്.
2003ൽ സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ പ്രതിയായ റസൂൽ ജാമ്യത്തിലിറങ്ങിയശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽപോകുകയായിരുന്നു. കോടതിൽ നൽകിയിരുന്ന വിലാസത്തിൽ നിന്നു താമസംമാറിയ പ്രതിയെ രഹസ്യാന്വേഷണത്തിലൂടെയാണ് പോലീസ് കുടുക്കിയത്.
നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ മയക്കുമരുന്നു മോഷണക്കേസുകൾ നിലവിലുണ്ട്. സെൻട്രൽ സിഐ എ. അനന്തലാൽ, എസ്ഐ ജോസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.