താന്‍ പാവപ്പെട്ടവനായത് കൊണ്ടാണ് കോണ്‍ഗ്രസിന് തന്നെ അംഗീകരിക്കാന്‍ കഴിയാത്തതെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് റാലികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഭുജിലെ യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് കോണ്‍ഗ്രസിനെതിരെയുള്ള മോദിയുടെ ഒളിയമ്പും ഒപ്പം വികാരാധീനനായതും. ദരിദ്രരെയും ദരിദ്ര കുടുംബത്തില്‍നിന്ന് വരുന്നവരെയും പരിഹസിക്കരുതെന്നാണ് എനിക്ക് കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഒരു പാര്‍ട്ടിക്ക് ഇത്രയും തരം താഴാന്‍ കഴിയുമോ? അതെ, ദരിദ്ര കുടുംബത്തില്‍ നിന്നുള്ള ഞാന്‍ പ്രധാനമന്ത്രിയായി.
ഇത് യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യത്തോടുള്ള പുച്ഛം അവര്‍ക്ക് മറച്ച് വെക്കാന്‍ കഴിയുന്നില്ല. ഞാന്‍ ചായ വിറ്റിട്ടുണ്ട്. ശരിയാണ്. എന്നാല്‍ രാജ്യത്തെ വിറ്റിട്ടില്ല മോദി പറഞ്ഞു. ഗുജറാത്തില്‍ നടക്കാന്‍ പോകുന്നത് വികസനവും കുടുംബവാഴ്ച്ചയും തമ്മിലുള്ള പോരാട്ടമാണെന്നും ഗുജറാത്തിനെ ചൂഷണം ചെയ്യാന്‍ കോണ്‍ഗ്രസിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. തന്റെ വികസന കാഴ്ച്ചപ്പാടിന് ആക്കം നല്കി കൊണ്ട് നര്‍മ്മദാ നദിയില്‍നിന്ന് 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെള്ളമെത്തിച്ച കഥയും മോദി പറഞ്ഞു. കോണ്‍ഗ്രസായിരുന്നു ഈ പദ്ധതി നടപ്പാക്കിയതെങ്കില്‍ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍നിന്ന് ജനങ്ങള്‍ മാറി താമസിക്കേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.