ലണ്ടൻ: ബ്രിട്ടനിലെ ഹാരി രാജകുമാരനും അമേരിക്കൻ നടി മേഗൻ മാർക്കിളും തമ്മിലുള്ള വിവാഹനിശ്ചയം ലണ്ടനിൽ നടന്നതായി പിതാവ് ചാൾസ് രാജകുമാരൻ പ്രസ്താവനയിൽ അറിയിച്ചു. അടുത്ത വർഷം മാർച്ചിനും ജൂണിനും ഇടയിൽ വിവാഹം നടക്കും.
ചാൾസിന്റെയും പരേതയായ ഡയാനയുടെയും രണ്ടാമത്തെ മകനായ ഹാരി ബ്രിട്ടീഷ് കിരീടാവകാശികളിൽ അഞ്ചാം സ്ഥാനത്താണ്. വിവാഹനിശ്ചയം എലിസബത്ത് രാജ്ഞിയെയും മറ്റു രാജകുടുംബാംഗങ്ങളെയും മേഗന്റെ മാതാപിതാക്കളെയും ഹാരി അറിയിച്ചു. വിവാഹശേഷം ദന്പതികൾ ലണ്ടനിലെ കെൻസിംഗ്ടണ്‍ കൊട്ടാരത്തിലെ നോട്ടിംഗാം കോട്ടേജിലായിരിക്കും താമസിക്കുക.
മേഗന്റെ രണ്ടാം വിവാഹമാണ്. 2011 ൽ സിനിമാ നിർമാതാവ് ട്രവർ എംഗൽസുമായിട്ടായിരുന്നു മേഗന്റെ ആദ്യ വിവാഹം. രണ്ടു വർഷത്തിനുശേഷം വിവാഹമോചിതയായി. വ്യവസായ സംരംഭക, മനുഷ്യാവകാശപ്രവർത്തക, ലിംഗസമത്വത്തിനായി വാദിക്കുന്നയാൾ എന്നീ നിലകളിലും മേഗൻ പ്രവർത്തിക്കുന്നു.