രഞ്ജിയിൽ പുതുചരിത്രം; കേരളം ക്വാർട്ടറിൽ

ലാഹ്‌ലി: ഹരിയാനയെ ഇന്നിംഗ്സിനും എട്ട് റണ്‍സിനും തകർത്ത് കേരളം രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കടന്നു. ഹരിയാനയുടെ രണ്ടാം ഇന്നിംഗ്സ് 173 റണ്‍സിൽ അവസാനിച്ചതോടെയാണ് കേരളം ചരിത്രം നേട്ടം സ്വന്തമാക്കിയത്. പത്ത് വർഷത്തിന് ശേഷമാണ് കേരളം രഞ്ജിയുടെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്നത്.

സീസണിലെ അഞ്ചാം ജയമാണ് കേരളത്തിന്‍റെ യുവനിര സ്വന്തമാക്കിയത്. 31 പോയിന്‍റുമായി ഗ്രൂപ്പിൽ ഗുജറാത്തിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് കേരളത്തിന്‍റെ ക്വാർട്ടർ പ്രവേശനം. സീസണിൽ ആറ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് കേരളം തോറ്റത്. രണ്ടാം മത്സരത്തിൽ ഗുജറാത്തിനോട് പൊരുതി തോൽക്കുകയായിരുന്നു. ക്വാർട്ടർ പ്രവേശനത്തിന് ജയം അനിവാര്യമായിരുന്ന കേരളം എല്ലാ മേഖലകളിലും ഹരിയാനയെ തകർത്താണ് അവസാന എട്ടിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. സൗരാഷ്ട്ര, ജാർഖണ്ഡ് തുടങ്ങിയ വന്പ·ാരെ മറികടന്നുള്ള ഈ നേട്ടം കേരള ക്രിക്കറ്റിന് മികച്ച ഉണർവ് പകരുമെന്ന് ഉറപ്പാണ്.

അവസാന ദിവസം അഞ്ച് വിക്കറ്റ് മാത്രം അകലെയായിരുന്നു കേരളത്തിന്‍റെ ചരിത്ര നേട്ടം. ഉച്ചഭക്ഷണത്തിന് മുൻപ് കേരളത്തിന്‍റെ ബൗളർമാർ ഹരിയാനയെ ചുരുട്ടിക്കെട്ടി. മൂന്ന് വിക്കറ്റ് വീതം നേടിയ നിധീഷ് എം.ഡി, ജലജ് സക്സേന എന്നിവരാണ് ബൗളിംഗിൽ മുന്നിൽ നിന്ന് നയിച്ചത്. ബേസിൽ തന്പ രണ്ടും സന്ദീപ് വാര്യർ, അരുണ്‍ കാർത്തിക് എന്നിവർ ഓരോ വിക്കറ്റും നേടി.

83/5 എന്ന നിലയിലാണ് ഹരിയാന അവസാന ദിനം തുടങ്ങിയത്. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാൻ ഹരിയാന പ്രതീക്ഷ അർപ്പിച്ചിരുന്ന രജത് പലിവാൾ (34), ക്യാപ്റ്റൻ അമിത് മിശ്ര (40) എന്നിവർ വീണതോടെ കാര്യങ്ങൾ കേരളത്തിന് അനുകൂലമായി. ഒരുഘട്ടത്തിൽ കേരളത്തിന്‍റെ സ്കോർ ഹരിയാന മറികടക്കുമെന്ന് തോന്നിച്ചെങ്കിലും ബൗളർമാർ അവസരത്തിനൊത്ത് ഉയർന്ന് അർഹിച്ച ജയം സ്വന്തമാക്കുകയായിരുന്നു.

സ്കോർ: ഹരിയാന ഒന്നാം ഇന്നിംഗ്സ് 208, രണ്ടാം ഇന്നിംഗ്സ് 173. കേരളം ഒന്നാം ഇന്നിംഗ്സ് 389.

Related posts