പന്തളം: അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന പരാതിയിൽ പുറത്താക്കപ്പെട്ട നേതാവിന്റെ മടങ്ങി വരവുൾപ്പടെയുള്ള പരാതികളിൽ പന്തളത്ത് സിപിഐയിൽ കലഹം രൂക്ഷമായി. നിരവധി പ്രവർത്തകർ പാർട്ടി വിടാനുള്ള സാധ്യതയും നിലനിൽക്കുന്നുവെന്നും പറയുന്നു.
പത്തനംതിട്ട ജില്ലയിൽ തന്നെ സിപിഐയ്ക്ക് അഭിമാനാർഹമായ നേട്ടം രണ്ട ് നിയമസഭാ തെരഞ്ഞെടുപ്പുകളിലൂടെ ലഭ്യമാക്കിയ ചിറ്റയം ഗോപകുമാർ എംഎൽഎയെ അധിക്ഷേപിച്ച നേതാവിനെ തിരിച്ചെടുത്തതിലാണ് പ്രധാന എതിർപ്പെന്നറിയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മനോജ് ചരളേലിനെ തിരിച്ചെടുത്തതാണ് പ്രകോപനം. അന്ന് നിർദേശിക്കപ്പെട്ടിരുന്ന കാലയളവ് പൂർത്തിയാവുന്നതിന് മുന്പ് മനോജിനെ റാന്നി മണ്ഡലം സെക്രട്ടറിയായി കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. പാർട്ടിയുടെ ഇത്തരത്തിലുള്ള നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നാണ് പന്തളത്തെ പ്രവർത്തകരുടെ പക്ഷം.
പന്തളത്ത് ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പുകളിലടക്കം തുടർന്ന് വരുന്ന പതിവ് രീതികളിലും പന്തളത്തെ സിപിഐ പ്രവർത്തകർക്ക് അമർഷമുണ്ടെന്ന് പറയുന്നു.