കൊട്ടാരക്കര : കേരളത്തിലെ യുഡിഎഫിനെ വിപുലീകരിക്കാനുള്ള യാതൊരുദ്ദേശവും ഇല്ലെന്നും യുഡിഎഫ് കമ്മിറ്റിയിൽ അത്തരം ചർച്ചകൾ ഒന്നും തന്നെ നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പടയൊരുക്കത്തിന് കൊട്ടാരക്കരയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ചില മാധ്യമങ്ങൾ യുഡിഎഫ് വിപുലീകരിക്കുന്നതായി കഥ മെനഞ്ഞെടുത്തതാണ്.
കേരളത്തിലെ ജനങ്ങളുടെ പിന്തുണയോടെ യുഡിഎഫ് നെ ശക്തിപ്പെടുത്തുക എന്നതാണ് മുന്നണിയുടെ ലക്ഷ്യം. കാസർഗോഡ് നിന്നും ആരംഭിച്ച പടയൊരുക്കം ജാഥയ്ക്ക് ലഭിക്കുന്ന സ്വീകരണം കേരളത്തിലേ ജനങ്ങൾ കോൺഗ്രസിനോടൊപ്പമാണെന്ന് തെളിയിച്ചിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായ പ്രതിഷേധമാണ് ഓരോ സ്വീകരണ വേദിയിലും വ്യക്തമാകുന്നത്.
കുത്തൊഴിഞ്ഞ ഭരണം നടത്തുന്ന എൽഡിഎഫ് ഗവണ്മെന്റ് തീർത്തും പരാജയ മായിരിക്കുകയാണ്. മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപെട്ടതിന് നിരവധി തെളിവുകളാണ് ദിവസവും പുറത്തു വരുന്നത്. അതിനുദാഹരണമാണ് ഒരു മന്ത്രി തന്നെ സർക്കാരിനെതിരെ കേസ് നൽകിയ സംഭവം.
പൊരുത്തകേടുകളും കൂട്ടുത്തരവാദിത്വവും തകർന്ന സർക്കാർ കടിച്ചു തൂങ്ങിയാണ് മുമ്പോട്ടു പോകുന്നത്. അഴിമതിക്കാരും കയേറ്റക്കാരും നിറഞ്ഞ കൂടാരമാണ് മന്ത്രി സഭയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നീല കുറുഞ്ഞി ഉദ്യാനം വരെ കൈയേറിയിട്ടും മുഖ്യ മന്ത്രി അവരെ സംരക്ഷിക്കുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ വരെ അധിക്ഷേപിക്കുകയും വിലക്കുകയും ചെയ്യുന്ന മുഖ്യ മന്ത്രി സ്വേച്ഛാധിപത്യ ഭരണമാണ് നടത്തുന്നത്.
സർക്കാർ വക സ്വത്തുക്കൾ സംരക്ഷിക്കാൻ ബാധ്യതയുള്ള മുഖ്യ മന്ത്രി നിയമലംഘകർക്ക് സംരക്ഷണം നൽകുകയാണ്. നീലകുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാമെന്ന ധാരണ തെറ്റാണ്. അത് വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ജനങ്ങളും കോടതിയും കേരളത്തിലുണ്ടെന്ന് മുഖ്യൻ മറക്കരുത്. ഭരണ കക്ഷിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ ക്കും അഭിപ്രായ വ്യത്യാസം വന്നു തുടങ്ങിയത് ഭരണ പരാജയം മൂലമാണെന്ന് വ്യക്തമാകുന്നതായി ചെന്നിത്തല പറഞ്ഞു.
സ്വകാര്യ ബസ് സ്റ്റാൻഡിൽ നടന്ന സ്വീകരണ യോഗം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി പി. ഹരികുമാർ അധ്യക്ഷത വഹിച്ചു. എൻ.കെ പ്രേമചന്ദ്രൻ എംപി, ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, എം. കെ മുനീർ എംഎൽഎ, ബെന്നി ബെഹനാൻ, വി. ഡി സതീശൻ എംഎൽഎ, രാജ് മോഹൻ ഉണ്ണിത്താൻ, കെ. സി. രാജൻ, അൻസറുദീൻ, കെപിസിസി അംഗം അലക്സ് മാത്യു, സി. ആർ. നജീബ്, റെജി മോൻ വർഗീസ്, കെ. എസ് വേണുഗോപാൽ, വാക്കനാട് രാധാകൃഷ്ണൻ, ഷാനിമോൾ ഉസ്മാൻ, എന്നിവർ പ്രസംഗിച്ചു.