അടുത്തിടെയാണ് നടി ജ്യോതി കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്. ഇതിനുശേഷമിതാ താരത്തിനെതിരെ വീണ്ടും സൈബര്‍ ആക്രമണം. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആരോ തന്റെ കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ജ്യോതി കൃഷ്ണ ആരോപിക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് തന്നെയും തന്റെ കുടുംബത്തെയും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരോ കരുതിക്കൂട്ടി ചെയ്യുന്ന വൃത്തികേടുകളെക്കുറിച്ച് താരം വെളിപ്പെടുത്തുകയും രോഷാകുലയായി സംസാരിക്കുകയും ചെയ്തത്. ഇക്കഴിഞ്ഞ നവംബര്‍ 19നായിരുന്നു ജ്യോതികൃഷ്ണയുടെ വിവാഹം. നേരത്തെയും തന്റെ പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോയ്ക്കെതിരെ പ്രതികരണവുമായി നടി രംഗത്തെത്തിയിരുന്നു.
ജ്യോതികൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെ…
ശ്രീഭദ്ര എന്ന വ്യാജമെന്ന് തോന്നുന്ന അക്കൗണ്ടില്‍ നിന്ന് ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളെ തെരഞ്ഞുപിടിച്ച് തന്നെയും തന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് മോശപ്പെട്ട മേസ്സേജുകള്‍ അയക്കുകയാണ് ആരോ ചെയ്യുന്നത്. തന്നെയും ഭര്‍ത്താവിനെയും ബ്ലോക്ക് ചെയ്താണ് മറ്റുള്ളവര്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നത്. നിങ്ങളല്ലാതെ ഈ കല്ല്യാണം നടത്തുമോ എന്നൊക്കെയാണ് ചോദിക്കുന്നത്. ഇതാരാണ് ചെയ്യുന്നത് എന്നറിയില്ല.
കുടുംബത്തിലുള്ളവരോ പുറത്തുള്ളവരോ ആണോയെന്ന് അറിയില്ല. കല്ല്യാണം കഴിഞ്ഞശേഷം ഇങ്ങനെ ചെയ്യുന്നത് വേറെ അസുഖമാണ്. ഇത് ചെയ്യുന്ന ചേട്ടന്റെയോ ചേച്ചിയുടെയോ ഉദ്ദേശം എന്താണെന്ന് അറിയില്ല. അതെന്തായാലും നടക്കില്ല. വിവാഹം കഴിച്ച ഒരു പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ശക്തി ഭര്‍ത്താവിന്റെ പിന്തുണയാണ്. ഇക്കാര്യത്തില്‍ എനിക്ക് ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ വീട്ടുകാരുടെയും പിന്തുണ ലഭിക്കുന്നുണ്ട്.
മെസ്സേജ് അയക്കുന്നവരോട് പോയി ചാവാനാണ് അവര്പറയുന്നത്. പോവാന്‍ പറ എന്നാണ് പറഞ്ഞിട്ടുള്ളത്. നല്ല തെറിയാണ് പറഞ്ഞിട്ടുള്ളത്. ചേട്ടാ, ചേച്ചി ഈ പണിയൊക്കെ നിര്‍ത്തിയിട്ട് വല്ല ജോലിയൊക്കെ ചെയ്ത്, മക്കളൊക്കെ ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടിയിട്ടോ കുടുംബത്തിനു വേണ്ടിയിട്ടോ എന്തെങ്കിലുമൊക്കെ ചെയ്തിട്ട് ജീവിക്കാന്‍ നോക്ക്. ഒരു കാര്യവുമില്ലാതെ നല്ല രീതിയില്‍ ജീവിക്കാന്‍ പോവുന്ന, നല്ല രീതിയില്‍ ജീവിച്ചുപോരുന്ന ആളുകളുടെ കുടുംബത്തില്‍ കയറിയിട്ട് എന്തു കാര്യത്തിനാണ് ഇത് ഉണ്ടാക്കുന്നത്. നാളെ എന്റെ സുഹൃത്തുക്കള്‍ക്കോ ചുറ്റുമുള്ളവര്‍ക്കോ വരാവുന്ന ഒരു കാര്യമാണ്. ഇതെന്തായാലും നിര്‍ത്തുന്നത് നല്ലതായിരിക്കും. ഇതൊരു അപേക്ഷയാണ്. ജ്യോതികൃഷ്ണ വീഡിയോയിലൂടെ പറയുന്നു.