തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, മുൻ അംഗം അജയ് തറയിൽ എന്നിവർക്കെതിരേ വിജിലൻസ് അന്വേഷണം. ഇരുവർക്കുമെതിരേ അന്വേഷണത്തിന് ദേവസ്വം വിജിലൻസ് എസ്പിയെ ചുമതലപ്പെടുത്താൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.
എസ്പിയോട് രണ്ടു ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ആക്ഷേപങ്ങളിൽ കഴമ്പുണ്ടെന്നു കണ്ടാൽ വിശദമായ അന്വേഷണത്തിനു സർക്കാരിനോടു ശിപാർശ ചെയ്യും.
പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും ദേവസ്വം ബോർഡിന്റെ ഒരു പൈസയെങ്കിലും അനാവശ്യമായി ചെലവാക്കുകയോ ദുരുപയോഗം നടത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിനു കണക്കുപറയേണ്ടി വരുമെന്നു ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
150 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായും വ്യാജരേഖകൾ ഉപയോഗിച്ച് 24 ലക്ഷം രൂപ യാത്രപ്പടികൈപ്പറ്റിയതായും മരാമത്ത് വിഭാഗത്തിന് 59 കോടി രൂപ നിയമവിരുദ്ധമായി അനുവദിച്ചതായും റിക്രൂട്ട്മെന്റ് ബോർഡിനെയും സർക്കാരിനെയും കബളിപ്പിച്ച് നിയമനം നടത്തിയതായുമാണ് ഇരുവർക്കുമെതിരേ ആരോപണം ഉയർന്നിട്ടുളളത്. ഇതേത്തുടർന്ന് അന്വേഷണം നടത്താൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദേശിക്കുകയായിരുന്നു.
മുൻ പ്രസിഡന്റും അംഗവും യാത്രപ്പടി ഇനത്തിൽ 24 ലക്ഷം രൂപയാണ് എഴുതിയെടുത്തതെന്നും ഈ പ്രവണത അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും ഉൾപ്പെടെ ബോർഡിന്റെ വാഹനം ഉപയോഗിക്കുന്ന എല്ലാവർക്കും ഡിസംബർ ഒന്നു മുതൽ ലോഗ് ബുക്ക് നിർബന്ധമാക്കും.
ദേവസ്വം ബോർഡിന്റെ സാമ്പത്തിക ഉപയോഗം സംബന്ധിച്ച് പരിശോധിക്കാൻ ഫിനാൻസ് വിജിലൻസ് രൂപീകരിക്കും. ചെലവഴിക്കുന്ന തുക സംബന്ധിച്ച് പരിശോധന നടത്തുന്നില്ല. ചിലയാളുകൾ ഇതിനെ സാമ്പത്തിക സമ്പാദനത്തിനായി ഉപയോഗിക്കുകയാണെന്നും എ. പത്മകുമാർ പറഞ്ഞു. ദേവസ്വം ബോർഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും സിസി ടിവി കാമറ സ്ഥാപിക്കും. ബോർഡ് ആസ്ഥാനത്തിരുന്നാൽ ഓരോ ക്ഷേത്രത്തിലും നടക്കുന്നത് കാണാൻ കഴിയും. വരുമാന ചോർച്ച അവസാനിപ്പിക്കാൻ ഇതിലൂടെ കഴിയും.
ശബരിമല സീസണ് കഴിഞ്ഞാൽ ചില ഉദ്യോഗസ്ഥർ വിദേശയാത്ര നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും വിജിലൻസ് പരിശോധിക്കും.റ്റവും ചെലവുകുറച്ച് ദേവസ്വം ബോർഡിന്റെ കാര്യങ്ങൾ നടത്താൻ ബോർഡ് മുൻഗണന നൽകും. ക്ഷേത്ര വരുമാനം ക്ഷേത്രത്തിന്റെ വികസനത്തിനായി ചെലവഴിക്കാൻ കഴിയുന്ന തരത്തിൽ ബോർഡ് പ്രവർത്തിക്കും.
സർക്കാർ നിർദേശിച്ച സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനു സ്പെഷൽ റൂൾസ് തയാറാക്കും. ശബരിമലയിൽ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരുടെ ദിവസവേതനത്തിൽ 50 രൂപ വർധിപ്പിക്കും. ശബരിമലയിലെ സ്പെഷൽ ഡ്യൂട്ടിക്ക് ഇൻസെന്റീവ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.