ആലപ്പുഴ: ദേശീയപാതയിലെ വാഹനങ്ങളുടെ അമിത വേഗം കണ്ടെത്തുന്നതിനായി വിവിധയിടങ്ങളിൽ സ്ഥാപിച്ച കാമറകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതം. ആലപ്പുഴ നഗരം മുതൽ ജില്ലാ അതിർത്തിയായ അരൂർവരെയുള്ള ഭാഗത്തെ ദേശീയ പാതയിൽ വിരലിലെണ്ണാവുന്ന കാമറകൾമാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
ദേശീയപാത പുനർനിർമാണ ഭാഗമായി നടത്തിയ ടാറിംഗിനടയിൽ കാമറ സെൻസറുകൾ അകപ്പെട്ടതോടെയാണ് കാമറകളുടെ പ്രവർത്തനം നിലച്ചത്. സെൻസറിന് മുകളിലൂടെ വാഹനം കടന്നുപോകുന്പോഴായിരുന്നു വേഗം നിർണയിക്കുകയും അമിത വേഗത്തിലുള്ള വാഹനത്തിന്റെ ചിത്രം പകർത്തുകയും ചെയ്തിരുന്നത്.
തോട്ടപ്പള്ളി മുതൽ ചേർത്തല വരെയുള്ള ഭാഗത്തെ ദേശീയപാതയിൽ വിവിധഘട്ടങ്ങളിലായി സന്പൂർണ അറ്റകുറ്റപണി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി നിലവിലെ ടാറിംഗിന് മുകളിൽ പുതിയ പാളി ടാറിംഗ് നടത്തിയപ്പോഴാണ് സെൻസറുകൾ ടാറിംഗ് പാളിക്കടിയിലായത്. ചേർത്തല തങ്കി കവലയ്ക്ക് സമീപമുള്ള വേഗനിർണയ കാമറ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ദേശീയപാത അറ്റകുറ്റപണി ആരംഭിക്കുന്നതിന് മുന്പ് അധികൃതർ കാമറകളുടെ സാങ്കേതിക കാര്യങ്ങൾ നോക്കുന്ന പൊതുമേഖലാ സ്ഥാപന അധികൃതരുമായി ബന്ധപ്പെടുകയും സെൻസർ അടക്കമുള്ള വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും ടാറിംഗിന് മുന്പ് ഇത് മാറ്റുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല.
ഹൈവേ പോലീസ് അടക്കം കാമറകളുടെ ചുമതലയുള്ളവരുമായി ബന്ധപ്പെട്ടെങ്കിലും ഉടൻ അറ്റകുറ്റപണികൾ നടത്തി കാമറകൾ പ്രവർത്തനക്ഷമമാക്കാമെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്.