ഒറ്റപ്പാലം: ബിഎസ്എഫിൽ എസ്ഐയായി അതിർത്തി കാക്കാൻ നിയോഗം ലഭിച്ച പെണ്കരുത്ത് ലതികയ്ക്ക് ആദരവുകളുടെ സ്നേഹോപഹാരം. ഈ നിയമനം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യവനിതയാണു ലതിക. അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണു പനമണ്ണ അന്പലവട്ടം തോന്നക്കോട്ടിൽ ബാലകൃഷ്ണന്റെ മകൾ ലതിക (27)യ്ക്ക് അതിർത്തി രക്ഷാസേനയിൽ ഇൻസ്പെക്ടറായി ജോലി ലഭിച്ചത്.
ഡിസംബർ 12നു ജോലിയിൽ പ്രവേശിക്കും. പരിശീലനം ഇതിനകം പൂർത്തിയാക്കി. 2016 നവബറിലാണ് ഇവർക്ക് സേനയിൽ പ്രവേശനം ലഭിച്ചത്. പിന്നീട് ഒരുവർഷം പരിശീലനം. സാഹസിക പരിശീലനങ്ങൾ ഡെറാഡൂണിലായിരുന്നു. അതിർത്തി രക്ഷാപരിശീലനത്തിലാണു കൂടുതൽ ബുദ്ധിമുട്ടുണ്ടായതെന്നു ലതിക പറഞ്ഞു. പഞ്ചാബിലാണ് അതിർത്തി രക്ഷാനിരീക്ഷണ പരിശീലനം. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽനിന്നു ബിഎഡ് പൂർത്തിയാക്കി കെപിടി ഹൈസ്കൂളിൽ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്യുന്നതിനിടെ ബിഎസ്എഫ് സബ് ഇൻസ്പെക്ടർ പരീക്ഷ പാസായി പരിശീലനത്തിനു പോകുകയായിരുന്നു.
ഈമാസം 11നു പാസിംഗ് ഒൗട്ട് പരേഡ് കഴിഞ്ഞു. കൽക്കത്തയിലാകും ആദ്യനിയമനമെന്നു കരുതുന്നു. അച്ഛനും അമ്മ കോമളവും സഹോദരങ്ങളായ ജയകൃഷ്ണനും ലതയുമെല്ലാം ബാംഗളൂരിൽ ബിഎഫ്എഫ് പരിശീലന കേന്ദ്രത്തിൽ നടന്ന പാസിംഗ് ഒൗട്ട് പരേഡ് കാണാൻ പോയിരുന്നു. കാക്കിചട്ടയും തോളിൽ നക്ഷത്രത്തിളക്കവുമെല്ലാം ലഭിച്ച ലതികയാണ് ഇപ്പോൾ വീട്ടിലും നാട്ടിലും താരം. അനുഗ്രഹങ്ങളും അഭിനന്ദനവുമായി ബന്ധുക്കളും നാട്ടുകാരുമെല്ലാം ദിവസേന ലതികയെ തേടിയെത്തുന്നു. പഠിപ്പിച്ച വിദ്യാർഥികളുടെ സ്നേഹപ്രകടനങ്ങൾ വേറെ. മൊബൈലിലേക്ക് ആശംസകളുടെ പ്രവാഹം. സെൽഫിയെടുക്കാൻ തിരക്കുകൂട്ടുന്ന നാട്ടുകാർ.
ഇതിനിടെ മീറ്റ്ന മൂപ്പൻ സമുദായ സൊസൈറ്റി ലതികയെ അനുമോദിച്ചു. ചടങ്ങ് ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എൻ.എം. നാരായണൻ നന്പൂതിരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം വി.എസ്. കൃഷ്ണകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.