ഐസിയുവില്‍ കിടന്ന പതിനാറുകാരിയെ മെയില്‍ നഴ്സുമാര്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതി.ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പെണ്‍കുട്ടി പീഡനശ്രമം ചെറുത്തപ്പോള്‍ നേഴ്സുമാരില്‍ ഒരാള്‍ ഓക്സിജന്‍ മാസ്ക് ഊരുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. നവംബര്‍ 16നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വസ്ത്രം മാറ്റിയ ശേഷം ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയാണ് ഇവര്‍ ചെയ്തത്.
ശീതളപാനീയമാണെന്ന് കരുതി കീടനാശിനി കുടിച്ചതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. പഴയ ഗുഡ്ഗാവിലെ ശിവ ആശുപത്രിയിലാണ് സംഭവം. ഒരു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട പെണ്‍കുട്ടി പീഡനശ്രമത്തെക്കുറിച്ച് ആരോടും വെളിപ്പെടുത്തിയിരുന്നില്ല.എന്നാല്‍ നേഴ്സുമാരില്‍ ഒരാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ശല്യം തുടര്‍ന്നതോടെ ഇക്കാര്യം അമ്മയോട് വെളിപ്പെടുത്തുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഞായറാഴ്ചയാണ് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നേഴ്സുമാരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. രവീന്ദര്‍ (27), കുല്‍ദീപ് (23) എന്നിവരാണ് അറസ്റ്റിലായത്. കുറ്റാരോപിതരായ രണ്ട് നേഴ്സുമാരെയും പുറത്താക്കിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കുല്‍ദീപാണ് പെണ്‍കുട്ടിയ്ക്കു നേരെ ആദ്യം അതിക്രമം നടത്തിയത്. പെണ്‍കുട്ടി ചെറുത്തപ്പോള്‍ ഓക്സിജന്‍ മാസ്ക് ഊരുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. രവീന്ദര്‍ പെണ്‍കുട്ടിയുടെ മുഖം പൊത്തപ്പിടിക്കുകയും കുല്‍ദീപ് മയക്കാനുള്ള കുത്തിവയ്പ്പ് നല്‍കുകയും ചെയ്തു. അന്ന് രാത്രി തന്നെ വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കുല്‍ദീപ് ശ്രമിച്ചു. രാത്രി തന്നെ വീണ്ടുമെത്തിയ കുല്‍ദീപ് പെണ്‍കുട്ടിയുടെ വസ്ത്രം നീക്കുകയും ബലമായി ചുംബിക്കുകയും ചെയ്തു. പെണ്‍കുട്ടി എതിര്‍ത്തുവെങ്കിലും റെസ്റ്റ് റൂമില്‍ എത്തിച്ച് പീഡിപ്പിക്കാനും ശ്രമമുണ്ടായി. ഇതോടെ പെണ്‍കുട്ടിയുടെ ബോധം നശിച്ചു. ഐസിയുവില്‍ നേരിട്ട പീഡനത്തിന്റെ ഞെട്ടലില്‍ പെണ്‍കുട്ടി ഇക്കാര്യം പുറത്ത് പറഞ്ഞില്ല.