മുക്കം: ആദിവാസി വിഭാഗത്തിൽപ്പെട്ട മുതുവൻ വിഭാഗത്തിൽപ്പെട്ടവരെ പാടെ അവഗണിച്ച് അധികൃതർ. മുതുവൻ വിഭാഗത്തിൽ പ്പെട്ടവർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകാതെയാണ് റവന്യു വകുപ്പിന്റെ ഈ നീതികേട്.കാരശേരി പഞ്ചായത്തിലാണ് മുതുവൻ വിഭാഗത്തിൽപെട്ടവർ താമസിക്കുന്നത്. മൈസൂർ മല ,തേക്കുംകുറ്റി, സണ്ണിപ്പടി, തോട്ടക്കാട്, മരഞ്ചാട്ടി, ചുണ്ടത്തും പൊയിൽ കോളനികളിലെ 193 കുടുംബങ്ങളിലായി 628 പേരാണ് മുതുവൻ വിഭാഗത്തിൽപ്പെടുന്നവർ. 2017 മാർച്ച് മാസം വരെ ഇവർക്ക് മുതുവൻ വിഭാഗമെന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ കോഴിക്കോട് താലൂക്ക് ഓഫീസിൽ നിന്ന് നൽകിയിരുന്നു. എന്നാൽ മാർച്ചിന് ശേഷം ഇത്തരമൊരു സർട്ടിഫിക്കറ്റ് നൽകുന്നില്ലന്നാണ് ഇവരുടെ പരാതി .
താമരശേരി ട്രൈബൽ ഓഫീസിൽ നിന്ന് ഇവർ മുതുവൻ വിഭാഗത്തിൽ പെടുന്നവരാണന്ന് സാക്ഷ്യപ്പെടുത്തി നൽകുന്നുണ്ടങ്കിലും താലൂക്ക് ഓഫീസിലെത്തുന്പോൾ ഇവരെ മടക്കി അയക്കുകയാണ് ചെയ്യുന്നത്. സർട്ടിഫിക്കറ്റ് ലഭിക്കാതായതോടെ സ്കോളർഷിപ്പ്, ഗ്രാൻഡ് ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല.
സണ്ണിപ്പടി കോളനിയിലെ കെ.സി.അരുണിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലിക ജോലി ലഭിച്ചങ്കിലും സർട്ടിഫിക്കറ്റില്ലാത്തതിനാൽ ജോലിയിൽ പ്രവേശിക്കാനായില്ല. ഈ കോളനിയിൽ മാത്രം 13 കുട്ടികൾ പഠനം തുടരാനാവാത്ത അവസ്ഥയിലാണ്. ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ആറു മാസ കാലാവധിയിലാണ് നൽകുന്നത് എന്നതും ദുരിതമാണ്.
കേരളത്തിൽ ഇടുക്കി ജില്ലയിൽ മാത്രമാണ് മുതുവൻ വിഭാഗത്തിൽ പെട്ടവർ ഉള്ളൂ എന്ന പുതിയ അവകാശവാദമാണ് കാലങ്ങളായി ഈ വിഭാഗത്തിൽ പെട്ടവരാണന്ന് സർക്കാർ തന്നെസാക്ഷ്യപ്പെടുത്തിയവരെ തഴയാൻ കാരണമെന്നാണ് വിവരം. വർഷങ്ങളോളം പുറംലോകവുമായി ബന്ധമില്ലാതെ മലമുകളിൽ കാടുകളിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന നിരവധി പേരടക്കമുള്ളവരാണ് ഇക്കൂട്ടത്തിൽ അധികമാളുകളും. നാട്ടിലെത്തി നല്ല വസ്ത്രങ്ങൾ ധരിച്ച് കഴിയുന്നത് കൊണ്ടാണോ തങ്ങളെ ഇങ്ങനെ അവഗണിക്കുന്നതെന്നാണ് ഇവരുടെ ചോദ്യം .
ഏതായാലും നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ അടയാളപ്പെടുത്തലായി ഇപ്പോഴും കഴിയുന്ന ആദിവാസികളിൽപ്പെട്ട ഒരു വിഭാഗത്തെ മനപൂർവം രേഖകളിൽ ഇല്ലാതാക്കാനുള്ള നീക്കമാണോ നടക്കുന്നതെന്ന ആക്ഷേപവും ഉയരുന്നു.