കോഴിക്കോട്: ഹോമിയോമരുന്നുകളിൽ അനുവദിനീയമായതിലും കൂടുതൽ ആൽക്കഹോളകൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തൽ. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിന് സമീപത്തെ ഹോമിയോ മൊത്തവിതരണ കേന്ദ്രത്തിൽ നടന്ന പരിശോധനയിലാണ് കേന്ദ്ര സർക്കാർ നിഷ്കർഷിച്ചതിലും കൂടുതൽ ആൽക്കഹോൾ അടങ്ങിയ മരുന്ന് പിടികൂടിയത്.
തൊണ്ണൂറ്റിയഞ്ച് ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ മരുന്നുകളും പിടികൂടിയതിൽ ഉൾപ്പെടുന്നു. പന്ത്രണ്ട് ശതമാനമാണ് ഹോമിയോ മരുന്നിൽ അനുവദനീയമായ പരമാവധി ആൽക്കഹോളിൻറെ അളവ്. എന്നാൽ പിടികൂടിയവയിൽ 95 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്.
പന്ത്രണ്ട് ശതമാനം ആൽക്കഹോൾ അടങ്ങിയ മരുന്നുകൾ തന്നെ പരമാവധി 30 മില്ലി യുടെ കുപ്പികളിൽ മാത്രമേ വിൽപ്പനക്ക് സൂക്ഷിക്കാൻ അനുമതിയുള്ളു. എന്നാൽ ഇവിടെയുണ്ടായിരുന്നത് 450 മില്ലിയുടെ കുപ്പികളാണ്.ഡ്രഗ്സ് ഇന്റലിജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇരുന്നൂറ് കുപ്പിയോളം മരുന്ന് പിടികൂടിയിട്ടുണ്ട്. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമ പ്രകാരം ഉടമക്കെതിരെ കേസെടുക്കുമെന്ന് അസിസ്റ്റൻഡ് ഡ്രഗ്സ് കണ്ട്രോളർ അറിയിച്ചു. ഹോമിയോ മരുന്നുകൾ ലഹരിക്കായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ഡ്രഗ്സ ഇന്റലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് വിൽപ്പന കേന്ദ്രങ്ങളിലും പരിശോധന നടത്താനാണ് തീരുമാനം.