കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളെ കുത്തിപ്പരിക്കേൽപ്പിച്ചു. മരട് ഐടിഐയിലെ മൂന്നു വിദ്യാർഥികൾക്കാണു കുത്തേറ്റത്. ഇവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെട്ടൂർ റൂട്ടിലോടുന്ന മംഗല്യ ബസിലെ ജീവനക്കാരാണ് വിദ്യാർഥികളെ മാരകായുധങ്ങളുമായി അക്രമിച്ചത്. ബസ് കണ്‍സഷനുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി ബസ് ജീവനക്കാർ വിദ്യാർഥികൾക്കു കണ്സഷൻ നിഷേധിക്കുന്ന നിലപാടാണു സ്വീകരിച്ചത്. ഇത് പലപ്പോഴും തർക്കത്തിലേക്കും വാക്കേറ്റത്തിലേക്കും വഴി മാറിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ജീവനക്കാരുടെ അക്രമമെന്നാണു പോലീസ് പറയുന്നത്.
ആക്രമണം നടത്തിയ മൂന്നു ബസ് ജീവനക്കാരെ പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ വിദ്യാർഥികളുടെ നില ഗുരുതരമല്ലെന്നാണു പോലീസ് പറയുന്നത്.