കാലം കഴിയുംതോറും പ്രശസ്തി വർധിച്ചുവരുന്ന ഒരു വ്യക്തിയാണ് ഡയാന രാജകുമാരി. മരിച്ചിട്ട് വർഷങ്ങൾ ഇത്രയുമായിട്ടും അവരുടെ പ്രശസ്തിക്ക് യാതൊരു കോട്ടവും വന്നിട്ടില്ല. ഡയാനയുടെ വിവാഹ കേക്കാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. 1981ൽ ഡയാനയുടെയും ചാൾസിന്റെയും വിവാഹത്തിന് മുറിച്ച ഈ കേക്ക് ഇപ്പോൾ അമേരിക്കയിൽ ലേലത്തിനെത്തിയിരിക്കുകയാണ്. 36 വർഷം പഴക്കമുള്ള കേക്കിന്റെ ഒരു കഷണം മാത്രമാണ് ലേലത്തിന് വച്ചിരിക്കുന്നത്. കുറഞ്ഞത് 800 അമേരിക്കൻ ഡോളറെങ്കിലും ഈ കേക്കിൻ കഷണത്തിനു ലഭിക്കുമെന്നാണ് പ്രതീക്ഷ. റോയൽ നേവൽ കുക്കിംഗ് സ്കൂളിന്റെ ഹെഡ് ബേക്കറായിരുന്ന ഡേവിഡ് ആവറിയാണ് ഈ കേക്ക് ഉണ്ടാക്കിയത്.
അമേരിക്കയിലെ ഒരു ലേലസ്ഥാപനത്തിന്റെ കൈവശമുള്ള ഈ കേക്കിനൊപ്പം ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ട മറ്റ് പല വസ്തുക്കളും ലേലത്തിന് എത്തുന്നുണ്ട്. ഡയാന രാജകുമാരി ആഭരണങ്ങൾ സൂക്ഷിക്കാനുപയോഗിച്ച ഒരു പഴ്സാണ് ഇതിൽ പ്രധാനം.