കനേഡിയൻ വംശജനായ ലെവി ബഡ് എന്ന ആറുവയസുകാരൻ ഇംഗ്ലീഷിൽ ഒരു പുതിയ വാക്ക് കണ്ടുപിടിച്ചു. ഈ വാക്ക് ഓക്സ്ഫഡ് ഡിക്ഷണറിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ലോകം ഒരു കാന്പയിനായി ഏറ്റെടുത്തു. ലെവിഡ്രോം (levidrome) എന്ന വാക്കാണ് ബഡ് കണ്ടെത്തിയത്. ഒരു ഇംഗ്ലീഷ് വാക്കിന്റെ അക്ഷരങ്ങൾ തിരിച്ച് വായിച്ചാൽ അർഥപൂർണമായ മറ്റൊരു വാക്ക് കിട്ടും (ഉദാ: stressed എന്ന വാക്ക് പിന്നിലേക്കു വായിച്ചാൽ desserts… അതുപോലെ loop=pool, flow=wolf, stop=pots, rats=star). ഇതാണ് ലെവിഡ്രോം എന്ന വാക്കിന് ലെവി നല്കിയിരിക്കുന്ന നിർവചനം.
രസകരമായ വസ്തുതയെന്തെന്നാൽ ഇങ്ങനെ ഒരു വാക്കിലെ അക്ഷരങ്ങൾ പിന്നിലേക്കു വായിച്ചാൽ അർഥപൂർണമായ മറ്റൊരു വാക്ക് കിട്ടുന്ന രീതിക്ക് ഇതുവരെ ഇംഗ്ലീഷിൽ ഒരു പേരില്ല. അതുകൊണ്ടുതന്നെ സൈബർ ലോകം മുഴുവൻ ലെവിയുടെ കണ്ടുപിടിത്തത്തിനു പിന്തുണയുമായി എത്തിയിട്ടുണ്ട്. ഓക്ഫഡ് ഡിക്ഷണറി അധികൃതരുടെ മുന്നിൽ ഇക്കാര്യമെത്തിയപ്പോൾ പരിഗണിക്കാമെന്ന ഉറപ്പും നല്കി. എന്നാൽ, ഒരു നിശ്ചിതകാലം ഉപയോഗത്തിലുള്ള പദങ്ങൾ മാത്രമേ ഡിക്ഷണറിയിൽ ഉൾപ്പെടുത്തൂ എന്നതാണ് ഓക്സ്ഫഡിന്റെ രീതി.
ലെവിഡ്രോമിനെക്കുറിച്ചുള്ള വിശദീകരണമായി ലെവിയുടെ പിതാവ് റോബർട്ട് ലക്കി ബഡ് യൂട്യൂബിൽ ചെറിയ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ദിവസം കാറിനു പിന്നിലിരുന്ന യാത്രചെയ്യുകയായിരുന്ന ലെവി സ്റ്റോപ്പ് എന്നെഴുതിയത് പോട്ട്സ് എന്നാണ് വായിച്ചത്. ഇതിൽ കൗതുകം തോന്നിയ കുട്ടി മാതാപിതാക്കളോട് ഒരു വാക്ക് പിന്നിലേക്ക് വായിച്ചാൽ എന്തുകൊണ്ടാണ് മറ്റൊരു വാക്ക് കിട്ടുന്നതെന്നു ചോദിച്ചു. എന്നാൽ, അവർക്ക് മറുപടിയില്ലായിരുന്നു.
പിന്നീടുള്ള അന്വേഷണത്തിൽ ഇതിന് ഒരു പേരില്ലെന്നു കണ്ടെത്തി. അതേസമയം ഇംഗ്ലീഷ് വാക്കുകൾ മുന്നിലേക്കും പിന്നിലേക്കും വായിച്ചാൽ ഒരേ വാക്കുതന്നെയായ (ഉദാ: wow, noon, mom, civic, redder…) രീതിക്ക് പാലിൻഡ്രോം എന്നു പേരുണ്ട്.