രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കവേയുണ്ടായ രക്തസ്രാവത്തെ തുടർന്നാണ് സൗത്ത് വെയ്ൽസ് സ്വദേശിയായ 22കാരി ഷാനോൻ എവെരെറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിലെ അമ്നിയോട്ടിക് ഫ്ളുയിഡ് നഷ്ടമായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഷാനോനെ ഉടൻ തന്നെ പ്രസവത്തിനായി ലേബർ റൂമിലേക്കു മാറ്റുകയും ചെയ്തു.
ലേബർറൂമിൽ പ്രവേശിച്ചതിനു പിന്നാലെ ഷാനോന്റെ ബോധം നഷ്ടമായി. ഹൃദയമിടിപ്പ് നിലച്ചു. ഉടൻ തന്നെ കുഞ്ഞിനെ ഫോഴ്സ്പസ് കൊണ്ട് പുറത്തെടുക്കുകയും ഷാനോനെ അടിയന്തരമായ വെന്റിലേറ്ററിലേക്കു മാറ്റുകയും ചെയ്തു. അപ്പോഴേക്കും ഷാനോന്റെ ഹൃയമിടിപ്പ് നിലച്ചിരുന്നു. എല്ലാം അവസാനിച്ചു എന്നു കരുതിയിരുന്നിടത്തു നിന്നും ഡോക്ടർമാരുടെ അറുപത്തിയെട്ടു മിനിട്ടു നേരത്തെ പരിശ്രമത്തിനു ഫലമായി ഷാനോൻ ജീവിതത്തിലേക്കു തിരികെ വന്നു. പക്ഷെ ഇവരുടെ ജീവിതത്തിലെ പ്രതിസന്ധി അവിടെ ആരംഭിക്കുകയായിരുന്നു.
ഹൃദയമിടിപ്പ് നിലച്ചതിനാൽ തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന് തടസമുണ്ടായെന്നും അത് കാരണം ഷാനോന്‍ ഓർമക്കുറവും ശരീരം തളർന്നു പോകുവാനും സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ സൂചിപ്പിച്ചിരുന്നു. ഇത് ഷാനോന്റെ കാര്യത്തിൽ അക്ഷരം പ്രതി സത്യമായി. കാരണം ഒരു പതിമൂന്നുകാരിയുടെ മനസുമായാണ് ഷാനോൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പതിമൂന്നു വയസുവരെയുള്ള കാര്യങ്ങൾമാത്രമേ ഷാനോന്റെ ഓർമയിലുണ്ടായിരുന്നുള്ളു. അതുവരെയുള്ള കാര്യങ്ങൾ നന്നായി ഓർമിക്കുന്ന ഷാനോൻ തന്റെ കാമുകനെയോ രണ്ടു കുട്ടികളെ പറ്റിയോ ഓർക്കുന്നില്ല. മാത്രമല്ല ഇവരുടെ കാഴ്ചശക്തിക്കും തകരാർ സംഭവിച്ചിട്ടുണ്ട്.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ ഷാനോൻ അമ്മയ്ക്കൊപ്പമാണ് താമസം. വളരെ സൂക്ഷ്മമായ പരിചരണമാണ് ഷാനോന്‍ നൽകുന്നത്. ഇവരുടെ കാമുകനും മക്കളും മറ്റൊരു വീട്ടിലാണ് താമസം. കൃത്യമായി നൽകുന്ന ഫിസിയോതെറാപ്പിയുടെ ഫലത്താൽ ഷാനോന്‍ എഴുന്നേറ്റ് ഇരിക്കാനും കൈകാലുകൾ ചലിപ്പിക്കുന്നതിനും സാധിക്കും. ഷാനോനെ കൂടാതെ അസുഖബാധിതയായ മറ്റൊരു മകൾകൂടിയുള്ള നിക്കോളയക്ക് ഇരുവരെയും പരിചരിക്കാൻ ധാരളം പണം ആവശ്യമാണ്. ഇരുവരുടെയും ചികിത്സയ്ക്കായി ഫണ്ട് ശേഖരണവും നടത്തുന്നുണ്ട്. കാമുകൻ ലോഡ്സിനും മക്കൾക്കും തങ്ങളുടെ വീടിനടുത്ത് ഒരു വീട് കിട്ടുമോയെന്ന അന്വേഷണത്തിലാണ് ഇവർ. നിരന്തരമായി ഇവരെ കണ്ടുകഴിയുന്പോൾ ഷാനോന്‍ ഓർമ തിരികെ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇവർ.