കൊളംബോ: ഇന്ത്യക്കെതിരായ ഏകദിന പരന്പരയിൽ ശ്രീലങ്കയെ ഓൾറൗണ്ടർ തിസാര പെരേര നയിക്കും. ഉപുൽ തരംഗയെ മാറ്റിയാണ് പെരേരയെ നായകസ്ഥാനം ഏൽപ്പിച്ചിരിക്കുന്നത്. ഏകദിന പരന്പരയ്ക്കുശേഷം നടക്കുന്ന ട്വന്റി 20 പരന്പരയിലും ലങ്കയെ പെരേര തന്നെ നയിക്കുമെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നൽകുന്ന സൂചന.
തരംഗയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം മൂന്നു പരന്പരകളിലാണ് ലങ്ക സന്പൂർണ പരാജയം ഏറ്റുവാങ്ങിയത്. ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ ടീമുകളോടായിരുന്നു ലങ്കയുടെ നാണംകെട്ട തോൽവി. ഇതേതുടർന്നാണു നായകസ്ഥാനം പെരേരയ്ക്കു കൈമാറാൻ ക്രിക്കറ്റ് ബോർഡ് നിർബന്ധിതരായത്.
ടീമിലെ മുതിർന്ന താരങ്ങളിലൊരാളായ എയ്ഞ്ചലോ മാത്യൂസ് ജൂലൈയിൽ നായക സ്ഥാനം രാജിവച്ചതോടെയാണ് ടെസ്റ്റിനും ഏകദിനങ്ങൾക്കും വ്യത്യസ്ത നായകൻമാരെന്ന തീരുമാനത്തിലേക്ക് ലങ്കൻ സെലക്ടർമാരെത്തിയത്. ദിനേശ് ചാണ്ഡിമലാണ് ലങ്കയുടെ ടെസ്റ്റ് ടീമിനെ നയിക്കുന്നത്.