ഇറ്റാനഗർ: പ്രധാന അധ്യാപകനെതിരെ മോശമായി എഴുതിയ വിദ്യാർഥിനികളുടെ വസ്ത്രങ്ങൾ അഴിച്ചെടുത്ത് അധ്യാപകർ. അരുണാചൽപ്രദേശ് പാപും പാരെ ജില്ലയിൽ ന്യൂ സാഗ്ലിയിലെ കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലായിരുന്നു സംഭവം. കഴിഞ്ഞ 23 ാം തീയതിയായിരുന്നു സംഭവം നടന്നത്.
കുട്ടികൾ നാലു ദിവസത്തിനു ശേഷം വിദ്യാർഥി സംഘടനാ നേതാക്കളെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. രണ്ട് അസിസ്റ്റന്റ് അധ്യാപകരും ഒരു ജൂണിയർ അധ്യപകനും ചേർന്ന് ആറ്, ഏഴ് ക്ലാസുകളിലെ 88 വിദ്യാർഥിനികളുടേയും വസ്ത്രം ബലമായി അഴിപ്പിക്കുകയായിരുന്നു. സ്കൂളിലെ ഒരു വിദ്യാർഥിനിയേയും അധ്യാപകനേയും ചേർത്ത് കുട്ടികൾ കടലാസിൽ മോശമായെഴുതിയെന്നാരോപിച്ചായിരുന്നു ശിക്ഷ. സംഭവത്തിൽ പോലീസ് കേസെടുത്തു.
ഒന്നോ രണ്ടോ പേരുടെ പക്വതയില്ലാത്ത പെരുമാറ്റത്തിനാണ് 88 വിദ്യാർഥികൾക്ക് നേരെ ഹീനമായ ശിക്ഷാ നടപടി കൊക്കൊള്ളാൻ അധ്യാപകരെ പ്രേരിപ്പിച്ചത്. ഇത്തരത്തിലുള്ള ശിക്ഷാ നടപടി സ്വീകരിക്കുന്നതിന് മുന്പ് കുട്ടികളുടെ രക്ഷിതാക്കളെ അധ്യാപകർ വിവരം ധരിപ്പിച്ചിരുന്നില്ലെന്നും പോലീസ് പറയുന്നു. കുട്ടികളുടെ അഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയിൽ പെരുമാറുന്നത് നിയമ വിരുദ്ധമാണെന്ന് അരുണാചൽ പ്രദേശ് കോണ്ഗ്രസ്സ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.