മങ്കൊന്പ്: മങ്കൊമ്പ് അവിട്ടംതിരുനാൾ സ്കൂൾ ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണെണമെന്ന ആവശ്യം ശക്തമാകുന്നു. ഒട്ടേറെ കായികതാരങ്ങൾക്ക് പരിശീലനക്കളരിയായ മൈതാനമിന്ന് ചെളിയും വെള്ളവും നിറഞ്ഞു നാശത്തിന്റെ വക്കിലാണ്.
നിരവധി സംസ്ഥാന കായിക താരങ്ങൾ പിച്ചവച്ച മൈതാനമിന്ന് ശാപമോക്ഷം കാത്തുകഴിയുകയാണ്. കുട്ടനാട്ടിൽ വിരലിലെണ്ണാവുന്ന മൈതാനങ്ങൾ മാത്രമാണുള്ളത്. നിലവിലുള്ളവയിൽ വിസ്തൃതിയിൽ മുൻപന്തിയിലുള്ള മൈതാനങ്ങളിലൊന്നാണിത്. നേരത്തെ വേനലവധിക്കാലങ്ങളിൽ നിരവധി കായികമേളകൾക്ക് മങ്കൊന്പ് ഗ്രൗണ്ട് വേദിയായിട്ടുണ്ട്. എന്നാൽ മൈതാനം സംരക്ഷിക്കപ്പെടാതായതോടെ ഇവിടുത്തെ കായികമേളകൾക്കും തിരശീല വീണു.
സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ നിറ സാന്നിധ്യങ്ങളായിരുന്ന ജീൻ ക്രിസ്റ്റ്യൻ. അഖിൽ സോമൻ, ജോബി ഫിലിപ്, അഭിഷാഷ് അപ്പുക്കുട്ടൻ ഉൾപ്പടെയുള്ള കായികതാരങ്ങൾ തങ്ങളുടെ ആദ്യ ടൂർണമെന്റിനിറങ്ങിയതും ഇവിടെയാണ്. കേരള രഞ്ജി ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന സുരേഷ്കുമാർ (ഉംപ്രി), സിസിഎൽ താരമായ രാജീവ് പിള്ള ഉൾപ്പടെയുള്ള നിരവധി ക്രിക്കറ്റ് താരങ്ങളും മങ്കൊന്പിലെ ക്രീസിൽ തിളങ്ങിയവരാണ്. ഗ്രൗണ്ടിന്റെ ശോചനീയവസ്ഥമൂലം സ്കൂൾ കായികമേള ഗ്രൗണ്ടിൽ നിന്നും അന്യമായിട്ടു വർഷങ്ങളായി.
ചില വർഷങ്ങളിൽ പഞ്ചായത്ത്, ബ്ലോക്ക്തല കേരളോത്സവങ്ങൾക്കും ഗ്രൗണ്ട് വേദിയാകുന്നുണ്ടെങ്കിലും മത്സരങ്ങൾ പലതും പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്. ഇവിടെ നിന്നു ലഭിച്ച നിരന്തരമായ പരിശീലങ്ങളുടെ ഫലമായി പ്രദേശത്തെ നൂറുകണക്കിനു യുവാക്കൾക്കു പോലീസ് സേനകളിൽ ജോലി നേടാനിടയാക്കിയിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളുടെ കനിവുണ്ടായാൽ മങ്കൊന്പ് മൈതാനത്ത് ഇനിയും യുവപ്രതിഭളുടെ കാൽപ്പെരുമാറ്റം തിരികെയെത്തുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.