അനില്‍ തോമസ്
കൊച്ചി: ബാപ്പിച്ചി കാട്ടിയ വഴിയേ നടന്നു. പറഞ്ഞുതന്ന കഥ മനസില്‍ ചേര്‍ത്തുവച്ചുകൊണ്ട്. സ്വപ്നങ്ങള്‍ക്കൊപ്പം കൈമാറിക്കിട്ടിയ പ്രതിഭയും കരുത്തും കൈമോശം വരാതെ മുറുകെപ്പിടിച്ചു. ഒടുവില്‍ ആ യാത്ര എത്തിനിന്നത് ദോഹയിലെ ജനസാഗര തീരത്ത്. അതിന്റെ അലയൊലികളില്‍ ജീവിതത്തിന്റെ അവസാന അവാര്‍ഡും നല്‍കി ബാപ്പിച്ചി യാത്രയാകുമ്പോള്‍ എന്നും സൂക്ഷിക്കാന്‍ ആ മകന് കിട്ടിയത് അബി എന്ന അച്ഛന്റെ മുഖത്ത് വിരിഞ്ഞ വിജയിയുടെ മന്ദഹാസം.
മിമിക്രിയിലേക്കും സിനിമയിലേക്കുമുള്ള രണ്ടാം വരവിനിടെ അബി പങ്കെടുത്ത ആദ്യ സ്‌റ്റേജ് ഷോ അപൂര്‍വമായ നിമിഷത്തിനാണ് സാക്ഷ്യം വഹിച്ചത്.
യുവതാരങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ ഭാവി വാഗ്ദാന താരത്തിനുള്ള പുരസ്‌കാരം മകന്‍ ഷെയ്ന്‍ നിഗമിന് അബി കൈമാറുന്നു. നവംബര്‍ 16നായിരുന്നു അത്. അവാര്‍ഡ് സമ്മാനിച്ച അബിക്ക് പറയാന്‍ വാക്കുകളുണ്ടായിരുന്നില്ല. തനിക്ക് കഴിയാത്തത് മകനിലൂടെ സാധിച്ചുവെന്നായിരുന്നു അബിയുടെ മറുപടി. തനിക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്തത് മകന്‍ നേടിയെടുത്തതിലുള്ള ഒരച്ഛന്റെ വിജയച്ചിരി അബിയുടെ മുഖത്തു നിറഞ്ഞിരുന്നു. അത് അബിയുടെ അവസാന സ്‌റ്റേജ് പ്രോഗ്രാമായിരിക്കുമെന്ന് ആരും കരുതിയില്ല. പക്ഷേ മകന് അവാര്‍ഡ് സമ്മാനിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് അബി തന്റെ അവസാന വേദിയില്‍ നിന്നു മടങ്ങിയത്.
സ്വത്തിനേക്കാളും പണത്തിനേക്കാളും മകന്‍ ഷെയ്ന്‍ നിഗമിന് കൈമാറാന്‍ അബി കാത്തു വച്ചിരുന്നതു സ്വപ്നങ്ങളായിരുന്നു. സിനിമയില്‍ തനിക്ക് എത്തി പിടിക്കാന്‍ കഴിയാതെ പോയ സ്വപ്നങ്ങള്‍. അതിലേക്കുള്ള യാത്രയില്‍ പ്രതിഭയ്‌ക്കൊപ്പം കരുത്തും കൈമാറാന്‍ മറന്നില്ല. സിനിമയിലെന്നല്ല, ഏതു കലയിലും കരുത്തും പ്രതിഭയും തിരിച്ചറിഞ്ഞ് വിജയം നേടാന്‍ ഉപദേശിക്കുകയും ചെയ്തു.
ആര്‍ക്ക് മുന്നിലും അവസരങ്ങള്‍ ചോദിച്ച് പോകാത്ത പ്രകൃതക്കാരനായിരുന്നു അബി. പ്രതിഭ ഉണ്ടായിട്ടുപോലും അവസരങ്ങള്‍ കിട്ടാതെ പോയത് അതുകൊണ്ടാണെന്ന് സുഹൃത്തുക്കളെപ്പോലെതന്നെ അബിയും വിശ്വസിച്ചു. എന്നാല്‍ തനിക്ക് നഷ്ടപ്പെട്ട അവസരങ്ങള്‍ മകനിലൂടെ എത്തുന്നതില്‍ ഏറ്റവും അധികം സന്തോഷിച്ചതും ഈ അച്ഛനാകാം. കാരണം മകനെ നടനായി കാണാന്‍ ആ അച്ഛസ്വത്തിനേക്കാളും പണത്തിനേക്കാളും മകന്‍ ഷെയ്ന്‍ നിഗമിന് കൈമാറാന്‍ അബി കാത്തു വച്ചിരുന്നതു കലാഹൃദയം ഏറെ ആഗ്രഹിച്ചിരുന്നു. ‘സ്വാഭാവികമായി അഭിനയിക്കണം’ എന്നു മാത്രമാണ് വെള്ളിത്തിരയിലേക്ക് ചുവടുവച്ച മകന് അബി നല്‍കിയ ഉപദേശം. പിതാവിന്റെ ചേതനയറ്റ ശരീരം എളമക്കരയിലെ വീട്ടില്‍ എത്തിച്ചപ്പോള്‍ ആ മകന്റെ മനസില്‍ ഫ്രെയിമുകളുടെ താളം തെറ്റി. തിരകള്‍ ഒടുങ്ങാത്ത കടല്‍ പോലെ അവ ആഞ്ഞുവീശി. എല്ലാം ഇനി ദീപ്തമായ ഓര്‍മ മാത്രം.