ലോകത്ത് എല്ലായിടത്തും ഇപ്പോള്‍ സര്‍വസാധാരണമാണ് കൊടുങ്കാറ്റുകള്‍. ഏറ്റവുമധികം കെടുതി അനുഭവിച്ചത് കരീബിയന്‍ ദ്വീപുകളും അമേരിക്കന്‍ ഐക്യനാടുകളുമാണ്. ഇവിടെയെല്ലാം കൊടുങ്കാറ്റിനെ മാസങ്ങള്‍ക്കു മുമ്പേ തിരിച്ചറിഞ്ഞ് അവയില്‍ നിന്നും രക്ഷപ്പെടാന്‍ പരമാവധി മുന്‍കരുതല്‍ എടുക്കാറുണ്ട്. എന്നാല്‍ കേരളത്തില്‍ ഓഖി വീശിയത് നമ്മുടെ മന്ത്രിമാര്‍ അറിഞ്ഞത് കാറ്റു വീശി രണ്ടു മിനിറ്റിനുശേഷവും.
ഓഖി ചുഴലിക്കാറ്റ് തീരപ്രദേശത്ത് ഇത്രയും ദുരന്തം വിതയ്ക്കാന്‍ കാരണം മുന്നറിയിപ്പ് നല്‍കുന്നതിലെ അപാകത. ചുഴലിക്കാറ്റ് കേരള തീരത്ത് ശക്തി പ്രാപിക്കുമെന്ന ഒരു മുന്നറിയിപ്പും തലസ്ഥാനത്തെ ഒരു സ്ഥലത്തും നല്‍കിയിരുന്നില്ല. ചുഴലിക്കാറ്റിനെക്കുറിച്ച് അറിയാതെ കടലില്‍ പോയ മത്സ്യ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ദുരന്ത നിവാരണ അഥോറിറ്റി ഇതു സംബന്ധിച്ച ഒരു വിവരവും സര്‍ക്കാരിന് കൈമാറിയിരുന്നില്ല. ഇതു മുന്‍കരുതല്‍ എടുക്കുന്നതില്‍ കടുത്ത വീഴ്ചയാണ് ഉണ്ടാക്കിയത്.
ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുമെന്ന മുന്നറിപ്പ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ അറിയിച്ചത് തന്നെ ഇന്നലെ പതിനൊന്നു മണിയോടെയാണ്. ഇതിനു ശേഷമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച എന്തെങ്കിലും നീക്കം ആരംഭിച്ചത്. ജാഗ്രതാ നിര്‍ദ്ദേശം നല്കിയ ശേഷമാണ് സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചത്. കോസ്റ്റുഗാര്ഡിന്റേയും നേവിയുടേയും സഹായം മുഖ്യമന്ത്രി തേടുകയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
എന്നാല്‍ നാവിക സേനയുടേയും വ്യോമസേനയുടേയും രക്ഷാ പ്രവര്‍ത്തനം ഫലപ്രദമല്ലെന്ന ആരോപണം ശക്തമായിരിക്കുകയാണ്. പൂന്തുറയില്‍ നിന്ന് കടലില്‍ പോയി കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തത്തിന് മത്സ്യ തൊഴിലാളികളേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി പൂന്തുറയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്.