മങ്കൊമ്പ്: മുൻമന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിക്കെതിരേ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ടു മാത്തൂർ കുടുംബാംഗം സമർപ്പിച്ച ഹർജിയിൽ കോടതി പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി.
മാത്തൂർ കുടുംബാംഗവും മുൻ എക്സൈസ് കമ്മീഷണറുമായിരുന്ന ടി.ആർ. രാമരാജവർമയാണ് ഇന്നലെ മൊഴി നൽകിയത്. വ്യാജ മുക്തിയാറിന്റെ അടിസ്ഥാനത്തിൽ തീറാധാരമുണ്ടാക്കിയാണു തോമസ് ചാണ്ടി ഭൂമി സ്വന്തമാക്കിയതെന്നു പരാതിക്കാരൻ മൊഴി നൽകി.
മാത്തൂർ ഭൂമി കൈമാറ്റം ചെയ്തത് തങ്ങളറിയാതെയാണെന്നും രേഖകളിലെ ഒപ്പ് വ്യാജമാണെന്നും വെളിപ്പെടുത്തൽ നടത്തിയ ചേന്നങ്കരി സ്വദേശി പള്ളിക്കൽ ശാന്തമ്മ ആന്റണിയുടെ മകൻ സിജോയുടെ മൊഴിയെടുക്കണമെന്നും ഹർജിക്കാരൻ കോടതിയോട് അഭ്യർഥിച്ചു. കേസിലെ രണ്ടാംസാക്ഷിയും മാത്തൂർ കുടുംബാംഗവുമായ അമൃത കുമാറിന്റെ മൊഴിയെടുക്കാനായി കേസ് ഡിസംബർ 23ലേക്ക് മാറ്റി.
2001ൽ മാത്തൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള 34.68 ഏക്കർ ഭൂമി വ്യാജ മുക്തിയാറിന്റെ അടിസ്ഥാനത്തിൽ തീറാധാരമുണ്ടാക്കി തോമസ് ചാണ്ടി കൈവശപ്പെടുത്തിയെന്നാണ് ആക്ഷേപം.
വ്യാജരേഖകളിലൂടെ മാത്തൂർ ദേവസ്വത്തിന്റെ ഭൂമി ചേന്നങ്കരി പള്ളിക്കൽ ശാന്തമ്മ ആന്റണിയുടെയും അഞ്ചു മക്കളുടെയും പേരിലേക്കു മാറ്റുകയും ഇവരുടെ വ്യാജഒപ്പും മേൽവിലാസവുമുണ്ടാക്കി തോമസ് ചാണ്ടി മകളുടെയും സഹോദരന്മാരുടെയും ഭാര്യാ സഹോദരിയുടെയും പേരിലേക്കു മാറ്റിയെന്നാണ് ആരോപണം.