തിരുവനന്തപുരം : തെക്കൻ തീരങ്ങളിൽ കഴിഞ്ഞ ദിവസം നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന് വേഗമേറുന്നു. കടലിൽ ശക്തി പ്രാപിക്കുന്ന ഓഖി ഇപ്പോൾ ലക്ഷദ്വീപിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഓഖി മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത കൈവരിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരിക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത 36 മണിക്കൂർ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ലക്ഷദ്വീപിൽ 48 മണിക്കൂർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് 150 കിലോമീറ്റർ അകലെ തെക്കുപടിഞ്ഞാറൻ മേഖലയിലൂടെയാണ് ഇപ്പോൾ കാറ്റിന്റെ സഞ്ചാരം. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ കേരളതീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പു നൽകി. തെക്കൻ കേരളത്തിൽ 24 മണിക്കൂർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കടലിൽ നാലു മീറ്ററോളം ഉയരത്തിൽ തിരയടിക്കാനും സാധ്യതയുണ്ട്.
ബുധനാഴ്ച രാവിലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്നലെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി പടിഞ്ഞാറു ദിക്കിലേക്ക് വീശുകയായിരുന്നു. സംസ്ഥാനത്ത് കാറ്റിലും മഴയിലുമുണ്ടായ അപകടങ്ങളിൽ ഇതുവരെ 4 പേർ മരിച്ചു. കാറ്റ് ശനിയാഴ്ചയോടെ മണിക്കൂറിൽ 120 കിലോമീറ്ററിലധികം വേഗമാർജിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.