സ്വന്തം ലേഖകൻ
കൊണ്ടോട്ടി: ബംഗളൂരു വിമാനത്താവളത്തിൽ രണ്ടു തീവ്രവാദികൾ എത്തിയിട്ടുണ്ടെന്നു അറിയിച്ച് കരിപ്പൂർ വിമാനത്താവള ഡയറക്ടർക്ക് അജ്ഞാതന്റെ കത്ത്. ബുധനാഴ്ച ഉച്ചയോടെ കൊണ്ടോട്ടിയിൽ നിന്നു തപാലിൽ കരിപ്പൂർ വിമാനത്താവള ഡയറക്ടർക്കായി എത്തിയ കത്തിലാണ് തീവ്രവാദികളുടെ വിവരണങ്ങളുള്ളത്. ഡൽഹിയിൽ നിന്നു രണ്ടു തീവ്രവാദികൾ ബംഗളൂരു വിമാനത്താവളത്തിൽ എത്തി സമീപത്തെ ആൽഫ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നുണ്ടെന്നും ഈ വിവരം അറിയിക്കണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. കത്ത് ആരെഴുതിയതാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും കൊണ്ടോട്ടിയിൽ നിന്നു പോസ്റ്റ് ചെയ്തതാണെന്ന് കണ്ടെത്തി. ഇംഗ്ലീഷിലാണ് വിവരങ്ങൾ എഴുതിയിരിക്കുന്നത്.
കത്ത് കിട്ടിയ ഉടനെ വിവരം എയർപോർട്ട് ഡയറക്ടർ ജെ.ടി.രാധാകൃഷ്ണ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിലും(ഡിജിസിഎ) ബംഗളൂരൂ വിമാനത്താവളത്തിലും കേന്ദ്ര സുരക്ഷ സേനയിലും അറിയിച്ചു. ബംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ സേന പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കരിപ്പൂരിലും സുരക്ഷയും ശക്തമാക്കി. കത്തിന്റെ ഉറവിടം തേടിയുളള അന്വേഷണം അധികൃതർ ശക്തമാക്കിരിക്കുകയാണ്. അതിനിടെ വിമാനത്താവളത്തിലെ എയ്ഡ് പോസ്റ്റിനു സമീപത്തെ ലെറ്റർ ബോക്സിൽ രണ്ടുപേർ ബൈക്കിലെത്തി കത്തു കൊണ്ടിടുന്നതായി വിമാനത്തവളത്തിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്്. ഇവരുടെ മുഖം വ്യക്തമല്ല. അതേസമയം ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കരിപ്പൂരിൽ പരിശോധന നടത്തിയെങ്കിലും അസ്വഭാവികതയുള്ളതായി കണ്ടെത്തിയിട്ടില്ല. സിസിടിവിയിലുള്ള ദൃശ്യം പരിശോധിച്ചു അന്വേഷണം ആരംഭിച്ചതായി കൊണ്ടോട്ടി സിഐ അറിയിച്ചു.