തളിപ്പറമ്പ്: സ്വന്തം ചരമപരസ്യവും ചരമവാര്‍ത്തയും പ്രമുഖ പത്രങ്ങളില്‍ നല്‍കിയശേഷം അപ്രത്യക്ഷനായ വയോധികനെ കണ്ടെത്താന്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചരമവാര്‍ത്തയും പ്രസിദീകരിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം ഇന്നലെ രാവിലെ 8.10 ന് പയ്യന്നൂര്‍ പെരുമാള്‍ ടൂറിസ്റ്റ്ഹോമില്‍ നിന്നും പോയ ഇദ്ദേഹത്തെ ആരെങ്കിലും അപായപ്പെടുത്തിയതായി സംശയിക്കുന്നു എന്ന് കാണിച്ചാണ് ഭാര്യ മേരിക്കുട്ടി ഇന്നലെ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
തളിപ്പറമ്പ് കുറ്റിക്കോലിലെ ജോസഫ് മേലുകുന്നേല്‍ (75) ആണ് വ്യാഴാഴ്ച രാവിലെ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് അപ്രത്യക്ഷനായത്. ലോഡ്ജില്‍ നിന്നിറങ്ങിയ ജോസഫ് ഓട്ടോറിക്ഷയില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കും അവിടെ നിന്ന് ട്രെയിനില്‍ മംഗളൂരുവിലേക്കും പോയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കര്‍ണാടകയില്‍ നിരവധി പരിചയക്കാര് ഇദ്ദേഹത്തിന് ഉണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരം ചെറുപുഴയില്‍ ജോസഫിനെ കണ്ടെത്തുന്നതിനായി പോലീസ് പരിശോധനകള്‍ നടത്തിയിരുന്നു. കേരളത്തിലെയും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും ഇദ്ദേഹത്തിന്റെ ഫോട്ടോയും വിവരങ്ങളും പോലീസ് നല്‍കിയിട്ടുണ്ട്. മൂന്ന് പത്രങ്ങള്‍ക്കായി ഒരുലക്ഷത്തിലേറെ രൂപയുടെ ചരമപരസ്യം നല്കിയ ഇദ്ദേഹത്തിന്റെ കൈയിൽ ഭാരിച്ച തുകയുണ്ടെന്നും സൂചനകളുണ്ട്.
25ന് സെന്‍ട്രല്‍ ബസാറിലെ മറ്റൊരു ലോഡ്ജില്‍ മുറിയെടുത്ത ജോസഫ് 26 മുതല്‍ 30ന് രാവിലെ 8.10 വരെ പെരുമാള്‍ ടൂറിസ്റ്റ്ഹോമില്‍ താമസിച്ചു. വിവാഹച്ചടങ്ങിന് എത്തിയതാണെന്നു പറഞ്ഞ് എം.എം.ജോസഫ്, മേലുകുന്നേല്‍, കടുത്തുരുത്തി പി ഒ, കോട്ടയം എന്ന വിലാസമാണ് ലോഡ്ജില്‍ നല്‍കിയത്. ബുധനാഴ്ച പയ്യന്നൂരിലെ പ്രമുഖ പത്രഓഫീസുകളിലെത്തിയ ജോസഫ് തന്റെ ഫോട്ടോയടക്കം വിശദമായ ചരമവാര്‍ത്തയും ചരമ പരസ്യവും നല്‍കുകയായിരുന്നു. തന്റെ അടുത്ത ബന്ധുവായ ജോസഫ് മേലുകുന്നേലിന്റേത് എന്ന പേരിലാണിവ കൈമാറിയത്. സംസ്കാരം തിരുവനന്തപുരത്തെ മകന്റെ വസതിയില്‍ ഇന്നു രാവിലെ നടക്കുമെന്നും വാര്‍ത്തയിലും പരസ്യത്തിലും വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ച രാവിലെ പത്രങ്ങളില്‍ വാര്‍ത്തയും പരസ്യവും കണ്ടതോടെ ലോഡ്ജ് ജീവനക്കാര്‍ നോക്കിയപ്പോഴാണ് മുറിയൊഴിഞ്ഞ് ജോസഫ് സ്ഥലംവിട്ടതായി അറിഞ്ഞത്. കോട്ടയത്ത് മരിച്ച ബന്ധുവിനെ കാണാന്‍ പോകേണ്ടതിനാല്‍ വ്യാഴാഴ്ച മുറിയൊഴിയുമെന്ന് തലേദിവസം ലോഡ്ജുകാരോട് പറഞ്ഞിരുന്നു. ജോസഫ് ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും ഇന്നലെ രാവിലെ മുതല്‍ തന്നെ സ്വിച്ച് ഓഫ് ചെയ്തിരിക്കയാണ്. തളിപ്പറമ്പ് കുറ്റിക്കോലിലെ വീട്ടില്‍ ഭാര്യയും ജോസഫും മാത്രമാണ് താമസിച്ചിരുന്നത്.
അതേസമയം ഭര്‍ത്താവിനെ 21ന് രാവിലെ 10 മുതല്‍ കാണാനില്ലെന്ന ഭാര്യ മേരിക്കുട്ടിയുടെ പരാതിയില്‍ പോലിസ് ഇന്നലെ രാവിലെ തന്നെ കേസെടുത്തിരുന്നു. ചെവിക്ക് പിന്നിലെ മുഴ കാന്‍സറാണെന്ന് സംശയിച്ചിരുന്ന ഇദ്ദേഹം ഇത് തിരുവനന്തപുരം ആര്‍സിസിയിലെ ഡോക്ടറെ കാണിക്കണമെന്നാണ് വീട്ടിലും നാട്ടിലും പറഞ്ഞിരുന്നത്. ബുധനാഴ്ച രാത്രിയിലടക്കം എല്ലാ ദിവസവും വീട്ടിലേക്ക് വിളിച്ചിരുന്നതിനാല്‍ ആരും സംശയിച്ചിരുന്നില്ല.