മഞ്ചേരി: തമിഴ്നാട് സ്വദേശി ചിന്നയ്യയെ കെട്ടിടത്തിന്റെ മുകളിൽ നിന്നു താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ രണ്ടു പ്രതികൾക്കു മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. താനൂർ മൂച്ചിക്കൽ പത്തൻപാട് സ്വദേശികളായ അരങ്കത്തിൽ സെയ്തു മുഹമ്മദ് (37), അരങ്കത്തിൽ ഉമ്മർ ഫാറൂഖ് എന്ന കുഞ്ഞു (31) എന്നിവരെയാണ് ശിക്ഷിച്ചത്.
കേസിലെ മൂന്നാം പ്രതിയായ അരങ്കത്തിൽ മുഹമ്മദ് അഷ്റഫ് എന്ന കുട്ടി (34)യെ ഒരു മാസം തടവിനും 1000 രൂപ പിഴയടക്കാനും ജഡ്ജി കെ.എൻ.സുജിത്ത് ശിക്ഷിച്ചു. താനാളൂർ മൂച്ചിക്കലിലുള്ള ആയപ്പള്ളി ടവറിൽ താമസിച്ചു വരികയായിരുന്ന ചിന്നയ്യ എന്ന ദക്ഷിണാമൂർത്തി (32) കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. തമിഴ്നാട് കടലൂർ സ്വദേശി ശങ്കർ റാവുവിന്റെ മകനായ ചിന്നയ്യ മൂന്നു വർഷമായി കേരളത്തിൽ ജോലി ചെയ്തു വരികയായിരുന്നു. 2014 ഏപ്രിൽ 15ന് രാത്രി പത്തരമണിയോടെയാണ് കേസിനാസ്പദമായ സംഭവം.
കെട്ടിടത്തിന്റെ മൂന്നാം നിലയുടെ ടെറസിൽ ബന്ധുവായ കടലൂർ ചെട്ടിത്തെരുവ് നടിയപ്പേട്ട വരുതാജലം പാണ്ഡ്യ (58)നൊപ്പമിരുന്ന് മദ്യപിക്കുകയായിരുന്നു ചിന്നയ്യ. ചിന്നയ്യയുടെയും ബന്ധുവിന്റെയും ഉച്ചത്തിലുള്ള സംസാരം താഴെയുണ്ടായിരുന്ന പ്രതികൾക്ക് രസിച്ചില്ല. മദ്യലഹരിയിലായിരുന്ന പ്രതികൾ മുകളിലെത്തി ഇവരെ ശകാരിക്കുകയും മർദിക്കുകയുമായിരുന്നു.
ബന്ധുവിനെ മർദിക്കുന്നത് തടയാനെത്തിയ ചിന്നയ്യയെ സെയ്തു മുഹമ്മദും ഉമ്മർ ഫാറൂഖും കയ്യും കാലും കൂട്ടിപ്പിടിച്ച് താഴേക്കുവീശി എറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചിന്നയ്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2014 ഏപ്രിൽ 21ന് മരിച്ചു. പാണ്ഡ്യന്റെ പരാതിയിൽ 2014 ഏപ്രിൽ 24ന് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. താനൂർ സിഐ കെ.സി.ബാബുവാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.അബ്ദുൾ ഗഫൂർ ഹാജരായി.