കോഴിക്കോട്: നൈനാം വളപ്പിലെ ഫുട്ബോൾ ആരാധകരെ തേടി വീണ്ടും ഫിഫയുടെ ഉപഹാരങ്ങളെത്തി. ലോകകപ്പ് ട്രോഫിയുടെ സുവർണമാതൃകയടങ്ങിയ ഉപഹാരങ്ങളാണ് കടൽ കടന്ന് കോഴിക്കോട്ടെത്തിയത്. 2010-ലും ഫിഫ നൈനാം വളപ്പിലെ ആരാധകർക്ക് സ്നേഹ സമ്മാനങ്ങൾ അയച്ച് കൊടുത്തിരുന്നു.
ലോകത്തെ ഏതു മൈതാനത്ത് പന്തുരുണ്ടാലും ആവേശം നൈനാംവളപ്പുകാർക്കാകും. ഈ ഫുട്ബോൾ സ്നേഹത്തിനുള്ള ഫിഫയുടെ ഉപഹാരമാണ് സ്വിറ്റ്സർലാന്റിലെ ആസ്ഥാനത്തുനിന്നും കഴിഞ്ഞ ദിവസം നൈനാം വളപ്പിലെത്തിയത്.
ഫിഫാ ഫെയർപ്ലേ ടീഷർട്ട് ,ക്യാപ്,പേനകൾ,ബാഡ്ജ് എന്നിവയ്ക്കു പുറമേ 2014 ലോകകപ്പിന്റെ വിവരങ്ങൾ അടങ്ങുന്ന ടെക്നിക്കൽ റിപ്പോർട്ടും നൈനാം വളപ്പ് ഫുട്ബോൾ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് സുബൈറിന് പാഴ്സലായി എത്തി.
പ്രാദേശിക ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫിഫയുടെ ഈ പദ്ധതി. നൈനാം വളപ്പിലെ ഫുട്ബോൾ കന്പം ബിബിസിയും സിഎൻഎനും അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2006 ലോകകപ്പിൽ ഇഎസ്പിഎൻ നേരിട്ടെത്തിയാണ് നൈനാം വളപ്പിലെ ആവേശം ലോകത്തെ അറിയിച്ചത്