ഓഖി: മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു; മുന്നറിയിപ്പു ലഭിച്ചിട്ടും അത് അവഗണിച്ചത് ഗുരുതരമായ വീഴ്ചയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും മുൻകരുതൽ എടുക്കുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര വകുപ്പ് തന്നെ സംസ്ഥാന സർക്കാരിനെ ചുഴലിക്കാറ്റിനെ സംബന്ധിച്ച് ഔദ്യോഗികമായി അറിയിച്ചിരുന്നു. മുന്നറിയിപ്പു ലഭിച്ചിട്ടും അത് അവഗണിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെയും ചുഴലിക്കാറ്റ് വീശുന്നതിന് മുൻപ് തന്നെ ജനങ്ങളെ ഒഴിപ്പിക്കുന്നതുൾപ്പടെയുള്ള മുൻകരുതലുകൾ സ്വീകരിക്കാറാണ് പതിവ്. എന്നാൽ ഇവിടെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് തടയുന്നതിന് പോലും സർക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റ് ആഞ്ഞടിച്ച ശേഷവും രക്ഷാ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നതിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സർക്കാരിന് വീഴ്ചയുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുന്തുറയിലെ ജനങ്ങളുടെ പരിഭ്രാന്തി മുഖ്യമന്ത്രി അറിയിച്ചതായും പൂന്തുറയിൽ അടിയന്തരമായി കണ്‍ട്രോൾ റൂം തുറക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പൂന്തുറയിലുള്ളവർക്ക് സൗജന്യ റേഷൻ നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Related posts