വിയന്ന: ക്രൂഡ് ഓയിൽ ഉത്പാദനനിയന്ത്രണം തുടരാൻ ഒപെക് (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) തീരുമാനിച്ചതോടെ ക്രൂഡ് വില ഉയർന്നു. 2018 അവസാനം വരെ നിയന്ത്രണം തുടരാനാണു തീരുമാനം.
മാർച്ച് വരെ തീരുമാനിച്ചിരുന്ന നിയന്ത്രണം ഒന്പതു മാസംകൂടി നീട്ടി. ജൂണിൽ ഒപെക് യോഗം ചേർന്നു തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കും. റഷ്യയും ഈ നിയന്ത്രണത്തോടു സഹകരിക്കും. കുറേനാളായി റഷ്യ ഒപെകുമായി സഹകരിച്ചാണു നീങ്ങുന്നത്. ഒപെക് രാജ്യങ്ങൾ പ്രതിദിനം 18 ലക്ഷം വീപ്പ ക്രൂഡ് ഓയിൽ കുറച്ചേ ഉത്പാദിപ്പിക്കൂ. റഷ്യയും ആനുപാതികമായി ഉത്പാദനം കുറയ്ക്കും. ഒപെകും റഷ്യയും ചേർന്നാൽ ലോക ക്രൂഡ് ഉത്പാദനത്തിന്റെ 40 ശതമാനം വരും.
ഒപെക് തീരുമാനത്തിനു ശേഷം ബ്രെന്റ് ഇനം ക്രൂഡ് വില മുക്കാൽ ശതമാനം കയറി 62.97 ഡോളറായി. വില ഇനിയും ഉയരുമെന്നു നിരീക്ഷകർ കരുതുന്നു. ഇത്തവണ ഒപെക് യോഗത്തിനുപുറമേ റഷ്യ ഉൾപ്പെടെയുള്ള ഏതാനും ഇതര ഉത്പാദകർകൂടി പങ്കെടുത്ത യോഗവും നടന്നു. അതിൽ റഷ്യൻ എണ്ണകാര്യമന്ത്രി അലക്സാണ്ടർ നൊവാക് പങ്കെടുത്തു. റഷ്യൻ ആവശ്യത്തെത്തുടർന്നാണു ജൂണിൽ അടുത്ത യോഗം നിശ്ചയിച്ചത്. വിപണിഗതി അനുസരിച്ച് ഉത്പാദനം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നത് ആലോചിക്കാനാണു യോഗം.
അമേരിക്കയുടെ ഷെയ്ൽ ഉത്പാദനത്തെപ്പറ്റി ധനകാര്യ വിദഗ്ധരുമായി ഒപെക് മന്ത്രിമാർ ചർച്ച നടത്തി. ഷെയ്ൽ വാതകവും അതിൽനിന്നുള്ള പെട്രോളിയവും അമേരിക്കയുടെ ഉത്പാദനം പ്രതിദിനം 96.8 ലക്ഷം വീപ്പയാക്കി ഉയർത്തി. റഷ്യയും സൗദി അറേബ്യയും കഴിഞ്ഞാൽ ഏറ്റവും വലിയ പെട്രോളിയം ഉത്പാദകരാണ് അമേരിക്ക.
ഇന്ത്യക്കു തിരിച്ചടി
ന്യൂഡൽഹി: കുറഞ്ഞ പെട്രോളിയം വിലയുടെ ആനുകൂല്യം ഇന്ത്യൻ സന്പദ്ഘടനയ്ക്ക് നഷ്ടമാകാൻ പോകുന്നു. 2014-ന്റെ രണ്ടാം പകുതിയിൽ ആരംഭിച്ച ക്രൂഡ് ഓയിൽ വിലയിടിവിന് ആറു മാസം മുന്പ് വിരാമം കുറിച്ചിരുന്നു. തുടർന്ന് വർധിച്ചുവന്ന വില ഇനിയും കുറേക്കൂടി ഉയരുമെന്നാണു സൂചന.
ക്രൂഡ് വിലയിടിവ് മൂന്നു വിധത്തിലാണ് ഇന്ത്യയെ സഹായിച്ചുപോന്നത്. ഒന്ന്: ഇറക്കുമതിച്ചെലവ് കുറയുന്നതു വഴി വിദേശപണ ഇടപാടുകളുടെ അവശിഷ്ടമായ (കറന്റ് അക്കൗണ്ടിലെ) കമ്മിറ്റി കുറയും. രണ്ട്: ഗവൺമെന്റിനു പെട്രോളിയം മേഖലയിലെ സബ്സിഡി ചെലവ് കുറയും. മൂന്ന്: പൊതുവിലക്കയറ്റം കുറയും.
വീപ്പയ്ക്കു ശരാശരി 55 ഡോളറിനു താഴെ നിന്നിരുന്ന ക്രൂഡ് വില ഇനി 60 ഡോളറിനു മുകളിലേ നിൽക്കൂ എന്നാണ് ഒപെക് തീരുമാനം ഉറപ്പിക്കുന്നത്. ഇതു രാജ്യത്തിനു ചില്ലറയല്ലാത്ത ഭാരം വരുംമാസങ്ങളിൽ വരുത്തും. വിലകൾ കൂടും. കറന്റ് അക്കൗണ്ട് കമ്മി കൂടും. റേറ്റിംഗ് ഉയർത്തൽ അസാധ്യമാകും.