തിരുവനന്തപുരം: കേരള തീരത്ത് ഭീമൻ തിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയും ശക്തമായ കാറ്റും തുടരും. അടുത്ത 24 മണിക്കൂർ കടൽ പ്രക്ഷുബ്ദ്ധമാകും. കാറ്റും മഴയും മാറിനിന്നാലും മത്സ്യത്തൊഴിലാളികൾ 48 മണിക്കൂർ നേരത്തേക്ക് കടലിലേക്ക് പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം നിരദേശം നൽകി.
അതേസമയം, ഓഖി ചുഴലിക്കാറ്റിൽപ്പെട്ടു ഉൾക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. സൈന്യവും കോസ്റ്റ് ഗാർഡും തെരച്ചിലിനായി രംഗത്തുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള ദുരന്തനിവാരണസേനയും തെരച്ചിലിൽ പങ്കുച്ചേരും.
തീരദേശ ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഒരാഴ്ച്ചത്തേക്ക് സൗജ്യന റേഷൻ അനുവദിച്ചു. കടലിൽ നിന്ന് രക്ഷപ്പെട്ടെത്തിയ മത്സ്യത്തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം നൽകുമെന്നും സർക്കാർ അറിയിച്ചു.
കൊച്ചി ചെല്ലാനം കടപ്പുറത്ത് അർധരാത്രിയിലും രൂക്ഷമായ കടലാക്രമണമാണ് ഉണ്ടായത്. നിരവധിവീടുകളിലേക്ക് തിരമാല ഇരച്ചുകയറി. ഇതോടെ കടൽത്തീരത്ത് നിലയുറപ്പിച്ച ജനങ്ങൾ മേയർ സൗമിനി ജെയ്നും മറ്റ് കൗൺസിലർമാരും ജീവനക്കാരും എത്തിയ ശേഷമാണ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറാൻ തയാറായത്.