സിനിമരംഗത്ത് ലൈംഗിക ചൂഷണം നടക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. നടി പാര്‍വതി മുതല്‍ ബോളിവുഡ് നടിമാര്‍ വരെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തെളിവു സഹിതം അത്തരത്തിലൊരു ചൂഷണത്തിന്റെ കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് ടിവി താരം സുലഗ്ന ചാറ്റര്‍ജി. സംവിധായകനു വേണ്ടി ഒരു ഏജന്റ് തന്നെ സമീപിച്ചതായും അഡ്ജസ്റ്റ്മെന്റിനു തയ്യാറാണോ എന്നു ചോദിച്ചതായുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ആരോപണം ഉന്നയിച്ചതിനൊപ്പം ഏജന്റുമായി നടന്ന സംഭാഷണത്തിന്റെ സ്ക്രീന്‍ഷോട്ടും സുലഗ്ന പുറത്തുവിട്ടു.
ഇതൊരു വിട്ടുവീഴ്ച ആവശ്യമുള്ള പ്രോജക്റ്റാണ്. മുഴുവന്‍ പണവും നല്കി, ഷൂട്ടിങ് കഴിഞ്ഞശേഷം മതി. ഇതില്‍ താത്പര്യമുണ്ടോ, എന്നായിരുന്നു ചോദ്യം. വിട്ടുവീഴ്ചയ്ക്കില്ലെന്ന് സുലഗ്ന പറഞ്ഞപ്പോള്‍ എനിക്കല്ല, സംവിധായകന്റെ ആവശ്യമാണെന്നായി ഇടനിലക്കാരന്. ആരുടെ ആവശ്യമാണെങ്കിലും എന്നെ കിട്ടില്ലെന്ന് പിന്നെ മുഖത്തടിച്ചപോലെ മറുടപടി കൊടുത്തു നടി. ഇറ്റ്സ് ഓക്കെ ഡിയര്‍ എന്നു പറഞ്ഞ് തടിയൂരുകയും ചെയ്തു ഇടനിലക്കാരന്. ഈ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടാണ് സുലഗ്ന ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്.
പ്രശസ്തി ആഗ്രഹിച്ചല്ല താന്‍ ഈ പോസ്റ്റിട്ടതെന്ന് സുലഗ്ന പറയുന്നു. ഒരു വര്‍ക്കിനുവേണ്ടിയാണ് ഈ ഏജന്റിന് നമ്പര്‍ കൊടുത്തത്. എന്നാല്‍, അതാരാണെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ബോളിവുഡിലെ ഒരു നടനൊപ്പമുള്ള ഒരു പരസ്യത്തിനുവേണ്ടിയാണ് ഇയാള്‍ മെസ്സേജ് അയച്ചത്. ഓഫര്‍ കേട്ടപ്പോള്‍ എനിക്ക് ആദ്യം സന്തോഷമാണ് ഉണ്ടായത്. ഒരു ദിവസത്തെ ഷൂട്ടിങ്ങേ ഉള്ളൂ എന്നു പറഞ്ഞപ്പോള്‍ സ്ക്രീന്‍ ടെസ്റ്റാണെന്നാണ് ആദ്യം വിചാരിച്ചതെന്നും സുലഗ്ന പറയുന്നു.