മാങ്കാംകുഴി: യാത്രക്കാരെയും വഹിച്ചു കൊണ്ട് എല്ലാ ദിവസവും സർവീസ് നടത്തുന്ന അമൃത എന്ന സ്വകാര്യ ബസ് ഇന്ന് നിരത്തിൽ ഓടുന്നത് ഒരു യുവാവിന്റെ ജീവൻ രക്ഷിക്കുക എന്ന കാരുണ്യ ദൗത്യവുമായാണ്. ഇരു വൃക്കകളും തകരാറിലായ തഴക്കര പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വെട്ടിയാർ ചൈതന്യയിൽ ചന്ദ്രൻ നായരുടെ മകൻ രാജ് ചന്ദ്രൻ (28 )ന്റെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനുള്ള കാരുണ്യ ദൗത്യത്തിൽ പങ്ക് ചേർന്നാണ് മാവേലിക്കര പത്തനംതിട്ട റൂട്ടിൽ ഓടുന്ന അമൃത ബസ് ഇന്ന് സർവീസ് നടത്തുന്നത്.
വെട്ടിയാർ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രൂപീകരിച്ച ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ രാജ് ചന്ദ്രന്റെ ജീവൻ രക്ഷിക്കാൻ പഞ്ചായത്തിലെ പത്ത് വാർഡുകളിൽ സുമനസുകളിൽ നിന്ന് സഹായം സ്വരൂപിക്കാൻ ഇന്ന് രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെ നീണ്ടുനിൽക്കുന്ന ഭവന സന്ദർശനവും ആരംഭിച്ചിട്ടുണ്ട്. ഇതിൽ പങ്കാളിയായാണ് അമൃത ബസും സർവീസ് നടത്തുന്നത്.
ബസുടമ വെട്ടിയാർ രാധാകൃഷ്ണ ഭവനത്തിൽ ഉണ്ണി ഇതിനുള്ള സന്നദ്ധത അറിയിച്ച് സ്വയം രംഗത്ത് വരുകയായിരുന്നു. മാങ്കാംകുഴി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ലക്ഷ്മി ലബോറട്ടറിയും ഇന്ന് അവിടെ ലാബ് പരിശോധനയ്ക്ക് എത്തുന്നവരിൽ നിന്നും ലഭിക്കുന്ന മുഴുവൻ പണവും രാജ് ചന്ദ്രൻ ജീവകാരുണ്യ നിധിയിലേക്ക് നൽകും.
കഴിഞ്ഞ ദിവസം കൂടിയ യോഗത്തിൽ തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെ അഞ്ചു പഞ്ചായത്ത് അംഗങ്ങൾ അവരുടെ ഓണറേറിയത്തിന്റെ പകുതി നൽകാൻ സന്നദ്ധരായി. കൂടാതെ വൃക്ക ദാനം നടത്താൻ സന്നദ്ധയായി പതിനൊന്നാം വാർഡ് മെന്പർ ദീപാ വിജയകുമാറും സന്നദ്ധത അറിയിച്ചു രംഗത്ത് വന്നിരുന്നു. ഡയാലിസിസിന് വിധേയനായിരിക്കുന്ന രാജ് ചന്ദ്രന് വൃക്കകൾ മാറ്റിവയ്ക്കാൻ ലക്ഷങ്ങളാണ് വേണ്ടത്. ആറു വർഷം മുന്പ് രാജ് ചന്ദ്രന്റെ ഇരു വൃക്കകളും തകരാറിലായിരുന്നു.
അന്ന് രാജ് ചന്ദ്രന്റെ പിതാവ് ചന്ദ്രൻ നായർ സ്വന്തം വൃക്ക പകുത്ത് നൽകി മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. എന്നാൽ മാറ്റിവയ്ക്കപ്പെട്ട വൃക്കയിൽ വീണ്ടും രോഗ ലക്ഷണം കണ്ടുതുടങ്ങിയതോടെ യുവാവിന് വീണ്ടും അടിയന്തിര വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
ആദ്യം ഇരുപത് ലക്ഷത്തോളം രൂപ ചിലവഴിച്ച് പലരുടെയും സഹായത്തോടെയാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്ര ക്രിയ നടത്തിയത്. ഇതിന്റെ ബാധ്യതകൾ ഒഴിയും മുന്പ് ഒരിക്കൽ മാറ്റിവച്ച വൃക്കയിൽ വീണ്ടും വൃക്കരോഗം കണ്ടെത്തിയതോടെ കുടുംബം ദുരിതത്തിലായി. ഈ കുടുംബത്തിന് താങ്ങാകാനാണ് ഇന്ന് ഗ്രാമത്തിലെ നല്ല മനസുകൾ ഒന്നായി രംഗത്തിറങ്ങുന്നത്.