കായംകുളം : തിരുവനന്തപുരം വെട്ടുകാട് നിന്നും കടലില്‍ മത്സ്യബന്ധനത്തിനു പോയി കാണാതായ അഞ്ചു മത്സ്യ ത്തൊഴിലാളികളെ കായംകുളത്തു രക്ഷപ്പെടുത്തി. തിരുവനന്തപുരം വെട്ടുകാട് സ്വദേശികളായ ജോണ്‍ (52 ) , മോസസ് (55), കുട്ടന് (32), ഫെലിക്സ് (50), ബ്രൂണ (35) എന്നിവരെയാണ് വലിയഴീക്കലില്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. ഇവരെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10ന് വെട്ടുകാടുനിന്നു വള്ളത്തില്‍ മത്സ്യബന്ധനത്തിനു പോയ ഇവരെ ചുഴലിക്കാറ്റിലും തിരമാലയിലുംപെട്ട് കാണാതാകുകയായിരുന്നു . തിരമാല അടിച്ച് വള്ളത്തിന്റെ പടികള്‍ ഇളകി. വള്ളത്തിന്റെ ഒരു എന്ജിന് തകർന്നു.രണ്ടാമത്തെ എന്ജിന് ഉപയോഗിച്ച് തീരത്തേക്കുവരാൻ ശ്രമിച്ചെങ്കിലും വള്ളം തിരമാലകളിലും കാറ്റിലും അകപ്പെട്ടു. ഇതു മൂലം ഇവര്‍ക്ക് കരയിലേക്കെത്താന്‍ കഴിയാതെ വന്നു.
ഇന്നലെ ഉച്ചയോടെ തമിഴ്നാട്ടില്‍നിന്നു മത്സ്യബന്ധനത്തിനു വന്ന ബോട്ടിലുള്ള വർ സഹായിച്ചതിനാല്‍ ഇന്നലെ രാത്രി എട്ടു മണിയോടെ ഇവര്‍ വലിയഴീക്കല്‍ തീരത്തടുക്കുകയും പിന്നീട് നാട്ടുകാരുടെ സഹായത്താല്‍ ഇവരെ കായംകുളം താലൂക്കാശുപത്രിയിലെത്തിക്കുകയുമായിരുന്നു.ഒരു വള്ളംകൂടി കടലില്‍ ഒഴുകി നടക്കുന്നതായി വിവരമുണ്ട് . കോസ്റ്റ് ഗാര്‍ഡും തീരദേശ പോലീസും രക്ഷാ പ്രവര്‍ത്തനവുമായി രംഗത്തുണ്ട്.