കോതമംഗലം: എറണാകുളം-ഇടുക്കി ജില്ലകളുടെ അതിർത്തിയായ നേര്യമംഗലം മണിയൻപാറയിൽ പെരിയാർ നദിക്ക് കുറുകെയുള്ള ഇരുന്പ് തൂക്കുപാലം തുരുന്പെടുത്ത് അപകടാവസ്ഥയിൽ. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലി ഗ്രാമവാസികളെ പുറം ലോകവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതാണ് പാലം. ഇത് ഏതു സമയത്തും പെരിയാറ്റിൽ പതിച്ച് വൻ ദുരന്തം സംഭവിച്ചേക്കാമെന്ന ഭീതിയിലാണ് നാട്ടുകാർ. പാലം അപകടാവസ്ഥയിലായിട്ട് ഏറെ നാളുകളായെങ്കിലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.
വിദ്യാർഥികളടക്കം നൂറുകണക്കിനാളുകളാണ് ദിവസേന ഈ തൂക്കുപാലത്തിലൂടെ കടന്നുപോകുന്നത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തി ഒൻപത് വർഷം മുന്പു മാത്രം പണിത തൂക്കുപാലം വേണ്ടത്ര ഗുണമേന്മ ഉറപ്പു വരുത്താത്ത സാമഗ്രികൾ ഉപയോഗിച്ചാണ് നിർമിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മൂന്നു കിലോമീറ്ററുകൾക്കപ്പുറം നീണ്ടപാറയിൽ മറ്റൊന്ന് കൂടി പണികഴിച്ചെങ്കിലും യാത്രാക്ലേശം കുറഞ്ഞില്ല.
വർഷങ്ങൾക്ക് മുൻപ് നിർമാണം തീർത്ത് തുറന്ന് കൊടുത്ത പാലത്തിന്റെ അറ്റകുറ്റപണി യഥാസമയം ചെയ്യാത്തതാണ് അപകടാവസ്ഥക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വലിയ ഇരുന്പ് ഷീറ്റുകളും ബന്ധങ്ങളും സംരക്ഷണ പൈപ്പുകളും തുരുന്പെടുത്ത് ദ്രവിച്ചും സ്ക്രൂകൾ പലതും ഇളകിയും ഏത് സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ് പാലം.
എന്നാൽ തൂക്കുപാലങ്ങളുടെ സ്ഥാനത്ത് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന വീതിയുള്ള കോണ്ക്രീറ്റ് പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭീമൻ തൂക്കുപാലത്തിന്റെ അറ്റകുറ്റപണികൾ തീർക്കണമെന്നും അപകടക്കെണിയിലായ തൂക്കുപാലത്തോട് അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.